‘ഹെല്പ്….. മെഡിക്കൽ പ്രൊഫഷനിലുള്ള ആരെങ്കിലുമുണ്ടോ, ഇദ്ദേഹത്തെ ഒന്ന് നോക്കാമോ?’; ഹൃദയമിടിപ്പ് ഇല്ലാതെ കുഴഞ്ഞുവീണ സൈനികനെ ആകാശത്തു വെച്ച് ജീവനിലേക്കു തിരികെ കൊണ്ട് വന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ നേഴ്സ്, സംഭവം ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാൻ പോകവേ


കോഴിക്കോട്: വിമാനം എടുത്ത് അൽപ്പ സമയത്തിനുള്ളിൽ തന്നെ ഹെൽപ്പ്പ്പ്…. മെഡിക്കൽ പ്രൊഫഷനിലുള്ള ആരെങ്കിലുമുണ്ടോ, ഇദ്ദേഹത്തെ ഒന്ന് നോക്കാമോ? എന്ന ചോദ്യം കേട്ടാണ് തന്റെ ചിന്ത ലോകത്തു നിന്ന് ഗീത ഉണരുന്നത്. രാഷ്ട്രപതിയിൽ നിന്ന് സമ്മാനം വാങ്ങാൻ പോവുകയാണ്, സന്തോഷവും അൽപ്പം പരിഭ്രമവുമുണ്ട്. എന്നാൽ ഹെൽപ്പ് എന്ന വിളിയിലൂടെ തന്നിലെ നേഴ്സ് ഉണർന്നെഴുന്നേറ്റു. ഉടനെ തന്നെ ഓടിയെത്തി, ഹൃദയതാളം നിലച്ച യാത്രക്കാരന് സി.പി.ആർ നൽകി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകയായി പുരസ്‌കാരത്തിന് ഏറ്റവും അഹര്‍യാണെന്ന് തെളിയിക്കുകയായിരുന്നു ഗീത.

ഇന്നലെയായിരുന്നു സംഭവം.ആതുരശുശ്രൂഷാ മികവിനുള്ള ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി പി. ഗീത സഹയാത്രികന് തുണയായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ച ആളാണ് ഗീത.

വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന നിലമ്പൂർ സ്വദേശിയായ പട്ടാളക്കാരനാണ് അൽപ്പ സമയത്തിനുള്ളിൽ കുഴഞ്ഞു വീണത്. ഉടനെ തന്നെ സി.പി.ആർ നൽകുകയായിരുന്നു. പിന്നാലെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സൈനികന് ശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചു. ഡോക്ടർമാരും വിമാനത്തിൽ പരിചരണം ലഭിച്ച അഞ്ചോളം മെഡിക്കൽ പ്രൊഫഷണൽസും സഹായത്തിനുണ്ടായിരുന്നു.

പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ബി പി കുറവായിരുന്നതിനാല്‍ മുഴുവന്‍ സമയവും ഗീത സൈനികന് ഒപ്പം നിന്നിരുന്നു. സ്വന്തം സീറ്റിലേയ്ക്ക് മടങ്ങാതെ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെയും സൈനികന് ഒപ്പം നിന്ന് ശുശ്രൂഷ നല്‍കുകയായിരുന്ന ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു. വിമാനത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്‌ മറ്റൊരു യാത്രക്കാരൻ കൂടിയായ സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍
ഡോ.മുഹമ്മദ് അഷീല്‍ ഫേസ്‌ബുക്ക് ലൈവിലൂടെ പങ്കു വെച്ചതോടെയാണ് പുറം ലോകം അറിയുന്നത്.

 

ഗീത അദ്ദേഹത്തിന്റെ ബന്ധുവാണെന്നായിരുന്നു ആദ്യം കരുതിയതെന്ന് ഡോ. അഷീല്‍ പറയുന്നു. പിന്നാലെ ചെന്ന് സംസാരിച്ചപ്പോഴാണ് നഴ്‌സ് ആണെന്ന വിവരം പറയുന്നതും രാഷ്‌ട്രപതി ഭവനില്‍ ഇന്ന് രാവിലെ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്നെന്ന വിവരവും ഗീത പങ്കുവയ്ച്ചതെന്നും അഷീല്‍ പറഞ്ഞു. 2019ല്‍ മികച്ച നഴ്‌സിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങിയെന്ന വിവരവും പങ്കുവച്ചതിന് പിന്നാലെ ശൈലജയെ അപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചുവെന്നും അഷീല്‍ പറഞ്ഞു.

ജോലിക്കിടയിൽ മാത്രമല്ല ആതുരശ്രുശ്രുഷ ജീവിതത്തിന്റെ ഭാഗമാണെന്നു പ്രവർത്തിയിലൂടെ വീണ്ടും തെളിയിച്ചു കൊണ്ട് ഗീത അവാർഡ് വാങ്ങിയപ്പോൾ അവാർഡിനും പത്തരമാറ്റ് തിളക്കം.