തൊഴിലന്വേഷകർക്ക് സന്തോഷവാര്‍ത്ത; നിരവധി അവസരങ്ങളുമായി ഡിസംബർ 19ന് കോഴിക്കോട്‌ സൗജന്യ സ്കിൽ ഫെയർ


കോഴിക്കോട്‌: തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങളുമായി കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കും. ഡിസംബർ 19ന് വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് സ്കിൽ ഫെയർ സംഘടിപ്പിക്കുന്നത്.

1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്മെന്റ് സർവീസ്‌, സ്കിൽ സ്കോളർഷിപ്പ്, ഇന്റേൺഷിപ്പ്, അപ്രന്റീസ്ഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്പോർട്ട് രജിസ്ട്രഷനുകളും കൂടാതെ വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കും.

18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ളവർക്ക് ജില്ലാ സ്കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻ www.knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യുക, ഫോൺ : 04712737881.