കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം മാര്‍ച്ചില്‍; ജനങ്ങളുടെ ആശങ്കകൾ കേട്ട് പൊതു തെളിവെടുപ്പ്, ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം


കോഴിക്കോട്: കോഴിക്കോട് വയനാട് തുരങ്ക പാത നിര്‍മാണം 2024 മാര്‍ച്ച് മാസത്തോടെ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്. പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന പ്രദേശവാസികള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത ഏഴ് കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മ്മിക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് ചുരം കയറാതെ പോകാന്‍ കഴിയും. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും. പദ്ധതിക്കായി 2134 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടത് 14.995 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. ഖനന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി 10 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. പദ്ധതിക്കായി വേണ്ടത് 34.30 ഹെക്ടര്‍ വനഭൂമിയാണ്. ഇതില്‍ 34.10 ഹെക്ടറാണ് ഭൂഗര്‍ഭപാതയ്ക്കായി വേണ്ടത്. അനുബന്ധ റോഡുകള്‍ക്കായി വേണ്ടത് 0.21 ഹെക്ടര്‍ വനഭൂമിയാണ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി വഴിയാണ് നിര്‍ദ്ദിഷ്ട ബദല്‍പാത കടന്നു പോകുന്നത്.

പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടര്‍ ഉഭൂമിയില്‍ മരം വച്ച് പിടിപ്പിക്കുകയും അത് റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇരട്ട തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങൾക്കായി കഴിഞ്ഞ ദിവസം പൊതു തെളിവെടുപ്പ് നടത്തിയിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 16 പേർ പരിപാടിയുടെ ഭാഗമായി. പദ്ധതി കടന്നു പോവുന്ന പ്രദേശത്തെ ജനങ്ങളെ കേട്ട ശേഷം മുഴുവൻ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.

വയനാട് ജില്ലയിലെ തെളിവെടുപ്പ് പൂർത്തിയായി കഴിഞ്ഞു. ഹൈവേ വിഭാഗത്തിൽ ഉൾപ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്. 8.735 കിലോ മീറ്ററാണ് തുരങ്ക പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 8.110 കിലോമീറ്ററാണ് തുരങ്കത്തിന്റെ മാത്രം ദൈർഘ്യം. 5.771 കിലോമീറ്റർ വനഭൂമിയിലൂടെയാണ് പാത കടന്നു പോവുന്നത്. ഓരോ ദിശയിലും രണ്ട് വരിയുടെ രണ്ട് ട്യൂബുകൾ വീതമുള്ള നാലു വരി ഗതാഗതമാണ് ഉദ്ദേശിക്കുന്നത്.

ലിന്റോ ജോസഫ് എംഎൽഎ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ പി പി ശാലിനി, മലിനീകരണ നിയന്ത്രണ ബോർഡ്‌ മേഖലാ ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ സിന്ധു രാധാകൃഷ്ണൻ, ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർ സൗമ ഹമീദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.