‘മര്‍ദിച്ചുവെന്നത് ശരി, സ്ത്രീധനത്തിന്റെ പേരില്‍ അവളെ ബുദ്ധിമുട്ടിച്ചിട്ടില്ല, രാഹുല്‍ എവിടെ പോയെന്ന് അറിയില്ല’; പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ പ്രതിയുടെ അമ്മ


കോഴിക്കോട്: പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി രാഹുലിന്റെ അമ്മ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വഴക്ക് ഉണ്ടായത് തങ്ങള്‍ അറിഞ്ഞില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വധുവിന് മറ്റ് ബന്ധങ്ങള്‍ ഉളള വിവരം മകന്‍ അറിഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും രാഹുല്‍ വധുവിനെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളുടെ നെറ്റിയില്‍ മുഴ പോലെ കണ്ടിരുന്നുവെന്നും രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മരുമകള്‍ കാമുകനുമായുളള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. വഴക്കിന് ശേഷം മകന്‍ തന്നെ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നെന്നും രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം വധുവിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. മകളെ കഴുത്തില്‍ കേബിളിട്ട് മുറുക്കുകയും ബെല്‍റ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും സ്ത്രീധനത്തിന്റെ പേര് പറഞ്ഞാണ് മര്‍ദിച്ചതെന്നും പിതാവ് വെളിപ്പെടുത്തിയിരുന്നു. സത്രീധനത്തിന്റെ പേര് പറഞ്ഞാണ് തന്നെ മര്‍ദിച്ചതെന്ന് കഴിഞ്ഞ ദിവസം വധു തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അടുക്കള കാണല്‍ ചടങ്ങിനു വേണ്ടി രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് ക്ഷീണിച്ച് അവശയായ മകളെ കണ്ടതെന്നും അവളുടെ തലയുടെ പല ഭാഗത്തും ഇടിച്ച മുഴയുണ്ടായിരുന്നുവെനന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് അവളുടെ കഴുത്തില്‍ മുറുക്കുകയും കുനിച്ചു നിര്‍ത്തി ഇടിച്ചെന്നും പിതാവ് പറയുന്നു. മകള്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ ഓടിച്ചിട്ട് പിടിച്ച് ബെല്‍റ്റു കൊണ്ട് അടിച്ചുവെന്നും വധുവിന്റെ പിതാവ് ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലി (29)നെതിരെ ഗാര്‍ഹിക പീഡനത്തിന് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.