അമ്പലങ്ങളിലും ബസുകളിലും തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഉള്ള്യേരി ആതകശ്ശേരി ക്ഷേത്രത്തിലടക്കം നടന്ന കവര്‍ച്ചയുടെ വിവരങ്ങള്‍
ഉള്ള്യേരി: ആരാധനാലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. തമിഴ്നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45വയസ്സ്), മകള്‍ സന്ധ്യ(25) എന്നിവരാണ് അറസ്റ്റിലായത്. ഉള്ള്യേരി ആതകശ്ശേരി അമ്പലത്തില്‍ നടന്ന മോഷണത്തിന്റെ വിവരങ്ങളടക്കമാണ് ഇവരെ ചോദ്യം ചെയ്തതോടെ വെളിവായത്.
ആതകശ്ശേരി ക്ഷേത്രത്തില്‍ തൊഴാനെത്തിയ സൗമിനിയെന്ന സ്ത്രീയുടെ മാല കവര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് അത്തോളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തിരക്കേറിയ ബസില്‍ക്കയറി സ്ത്രീകള്‍ക്കരികിലെത്തി കട്ടര്‍ ഉപയോഗിച്ച് മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. പിടിക്കപ്പെടുമ്പോള്‍ മൊബൈല്‍ ഫോണും സിംകാര്‍ഡും നശിപ്പിക്കും.
ജില്ലാ പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ മോഷണം നടത്തിവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ പൊലീസ് പരശോധനയിലാണ് ഇവര്‍ പിടിയിലായത്.
കവര്‍ച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യത്തില്‍ മൂന്നു സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച ചെയ്യുന്നതെന്ന് പൊലീസ് മനസ്സിലാക്കി. ഫെബ്രുവരി 28ന് ബസില്‍ വെച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുന്നതിനിടയില്‍ ദേവിയും സന്ധ്യയും പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പനും വസന്തയും പിടിയിലാകുന്നത്.
പ്രതികളില്‍ നിന്നും സ്വര്‍ണ്ണം തൂക്കുന്നതിനുള്ള മെഷീന്‍, മൊബൈല്‍ഫോണ്‍, സ്വര്‍ണ്ണം, പണം, പഴ്സുകള്‍,കട്ടിങ്ടൂള്‍ എന്നിവയും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്.