ദിവസവും പുട്ടും ദോശയും മാത്രം കഴിച്ചാല്‍ മതിയോ ? ആരോഗ്യ സംരക്ഷണത്തിനിതാ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍
പുട്ടും കടലക്കറിയും ഭംഗിക്ക് രണ്ട് പപ്പടവും… പഴം കൂടിയുണ്ടെങ്കില്‍ ഉഷാര്‍. പ്രഭാത ഭക്ഷണമെന്നാല്‍ മലയാളികളുടെ പതിവ് മെനുവാണിത്. പുട്ടില്ലെങ്കില്‍ ദോശ, അട, നൂല്‍പ്പുട്ട്, ഇഡ്ഡലി തുടങ്ങിയവയാണ് മറ്റു ഭക്ഷണക്രമം. എന്നാല്‍ ഇത്തരം ഭക്ഷണം മാത്രം കഴിച്ചാല്‍ നമ്മുടെ ആരോഗ്യം ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ കഴിയുമോ….? ഇല്ല എന്നതാണ്
സത്യം.
അരിഭക്ഷണത്തോടൊപ്പം വിറ്റാമിനുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നും ശ്രദ്ധിക്കാതെയാണ് നമ്മള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത്. ദിവസം മുഴുവന്‍ ആരോഗ്യവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രഭാത ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിയാം.
1-ഓട്മീല്‍
ദിവസവും ഓട്മീല്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു കപ്പ് ഓട്മീലില്‍ 13ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഇവയില്‍ ലയിക്കുന്ന ഫൈബറും കൂടുതലായി അടങ്ങിയിട്ടുണ്ട്.
ദഹന മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഓട്മീല്‍ ഏറെ സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണം കൂടിയാണ്.
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
2-അവക്കാഡോ
വിറ്റാമിനുകളും കൊഴുപ്പും അടങ്ങിയ അവക്കാഡോ ദിവസവും രാവിലെ പ്രഭാത ഭക്ഷത്തിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും അവക്കാഡോ മികച്ചതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളോജന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3ഫാറ്റി ആസിഡ് സഹായിക്കും. അതിനാല്‍ ചര്‍മ സംരക്ഷത്തിന് ഇവ മികച്ചതാണ്.
3-മുട്ട
പ്രോട്ടീനുകളുടെ കലവറയായ മുട്ട പലരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാല്‍ ചിലര്‍ മുട്ടയെ ഭക്ഷണത്തില്‍ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്താറുണ്ട്. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ നല്‍കുന്ന ഏറ്റവും മികച്ച ഭക്ഷണമായ മുട്ട ദിവസവും കഴിക്കുന്നതിലൂടെ ഒരു ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.
എന്നാല്‍ കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കുന്നതാണ് നല്ലത്. ഒപ്പം വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരും മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
4- ബെറി പഴങ്ങള്‍
കാണാനുള്ള ഭംഗി പോലെ തന്നെ ഏറെ ഗുണങ്ങളുള്ള പഴവര്‍ഗമാണ് ബെറി പഴങ്ങള്‍. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവും ഈ പഴങ്ങള്‍ക്ക് ഉണ്ടെന്ന് അടുത്തിടെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
ബ്ലൂബെറി, സ്‌ട്രോബറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
5-ബദാം
പല വിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. അതുകൊണ്ടുതന്നെ ദിവസവും അഞ്ച് ബദാം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ
എന്നിവ ധാരാളം അടങ്ങിയ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുന്നതും തടയും.
ബദാം വെള്ളത്തിലിട്ട് കഴിക്കുന്നതിന് പകരം പച്ചയ്ക്ക് അതിന്റെ തൊലിയോട് കൂടി കഴിക്കാനാണ് പഠനങ്ങള്‍ പറയുന്നത്.