കൊയിലാണ്ടിയുടെ പ്രൗഢി; പൈതൃക കെട്ടിടമാകാന്‍ കാത്തുനില്‍ക്കാതെ കോടതി കെട്ടിടം; പൂവോടുകള്‍ എടുത്തുമാറ്റുന്നു
കൊയിലാണ്ടി: പൂവോടുകള്‍ വിരിച്ച് പഴമയുടെ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊയിലാണ്ടി കോടതി കൊയിലാണ്ടിക്കാർക്ക് വെറുമൊരു കെട്ടിടമല്ല, വികാരവും സ്വകാര്യ അഹങ്കാരവുമൊക്കെയാണ്. എന്നാല്‍ നിലവില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ എന്ന പേരില്‍ കോടതിയുടെ പൂവോടുകള്‍ മാറ്റി ഇരുമ്പ് ഷീറ്റിടാനൊരുങ്ങുകയാണ് അധികൃതര്‍.
ഓട് മാറ്റി ഷീറ്റാക്കുന്നതോടെ പൈതൃക മന്ദിരം എന്ന അംഗീകാരം ലഭിക്കാതെ വരും. കെ.ദാസന്‍ എം.എല്‍.എയായിരുന്ന കാലത്താണ് കോടതി കെട്ടിടം പൈതൃക മന്ദിരമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പൈതൃക കെട്ടിടമെന്ന അംഗീകാരം കാത്തിരിക്കുന്ന കോടതി കെട്ടിടം മേല്‍ക്കൂര മാറ്റി ഷീറ്റാക്കി മാറ്റുന്നതിനെതിരെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. മേല്‍ക്കൂര ഓടയതിനാല്‍ മുറികളില്‍ എപ്പോഴും തണുപ്പാണ്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ഇവിടുത്തെ ജീവനക്കാര്‍ക്ക് ചൂടില്ലാതെ സുഖമായി ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇരുമ്പ് ഷീറ്റാക്കുന്നതോടെ ഇതിന് വലിയ മാറ്റം വരുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
ഏതാണ്ട് 110 വര്‍ഷം പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ ഏത് ചെറിയ മാറ്റവും നാടിന്റെ പാരമ്പര്യത്തെ ബാധിക്കുന്നതാണെന്നും, വേണ്ടത്ര ആലോചനയില്ലാതെയാണ് ഓടുകള്‍ മാറ്റാന്‍ തീരുമാനമെടുത്തതെന്നും, അത് തിരുത്താന്‍ കഴിയണമെന്നുമാണ് കോടതിയിടെ സീനിയര്‍ അഭിഭാഷകനായ അഡ്വ. എന്‍.ചന്ദ്രശേഖരന്‍ പറയുന്നത്.
മഴക്കാലത്ത് ചെറിയ രീതിയില്‍ അങ്ങിങ്ങായി ചോര്‍ച്ചയുണ്ടാകും എന്നതൊഴിച്ചാല്‍ വേറെ കാര്യമായ തകരാറുകളൊന്നും കോടതി കെട്ടിടങ്ങള്‍ക്കില്ല. മാത്രമല്ല അത്തരം ഇരട്ടപ്പാത്തി ഓടുകള്‍ ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ മാറ്റിവെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനും സാധിക്കും. ഇതൊന്നും നോക്കാതെയാണ് ധൃതി പിടിച്ച് ഓട് മാറ്റി ഇരുമ്പ് ഷീറ്റ് പണിയാനായി പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്.
1913ലായിരുന്നു കോടതിയുടെ നിര്‍മ്മാണം. ഈസ്റ്റ് ഇന്ത്യ കമ്പനി 1793ജൂലൈ ഒന്നിന് സ്ഥാപിച്ച ദറോഗയില്‍ നിന്നാണ് കൊയിലാണ്ടി കോടതിയുടെ ചരിത്രം തുടങ്ങുന്നത്. വി.വി രാമയ്യര്‍, വി.ആര്‍ കൃഷ്ണയ്യര്‍, ഒ.ചന്തുമേനോന്‍ തുടങ്ങി പ്രമുഖരായ നിരവധി മജിസ്ട്രട്ടുമാരും മുന്‍സിഫുമാരും പ്രവര്‍ത്തിച്ച ചരിത്രമുണ്ട് കൊയിലാണ്ടി കോടതിക്ക്.