ആ ക്യാമറ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു; ഗഫൂർ മൂടാടിക്ക് യാത്ര നൽകി നാട്; മരണം സംഭവിച്ചത് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോൾ


കൊയിലാണ്ടി: ഇനി ആ കണ്ണുകൾ തുറക്കില്ല, കുവൈറ്റിന്റെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ. കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂറിന്റെ വിയോഗത്തിൽ ഇനിയും വിശ്വസിക്കാനാവാതെ നാടും കുവൈത്തിലെ മലയാളി കൂട്ടായ്മയും. ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മകളുടെ വിവാഹത്തിനായി ജൂൺ ഇരുപത്തിരണ്ടിനാണ് ഗഫൂർ നാട്ടിലെത്തിയത്. എന്നാൽ നാട്ടിലെത്തി പത്തു ദിവസത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അസുഖ ബാധയേ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.

കുവൈത്തിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെ വിവിധ സംഘടനകളുമായി മികച്ച ബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നു ഗഫൂര്‍. എല്ലാ പരിപാടികൾക്കും മുൻപിൽ തന്നെ ഓടി നടന്നു പ്രവർത്തിക്കുന്ന ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു. കുവൈത്തിലെ മലയാളികൾക്ക് ഏറെ മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഗഫൂർ യാത്രയായത്. മകളുടെ വിവാഹത്തോടനുബന്ധിച്ച് ഏറെ സന്തോഷമായാണ് ഗഫൂർ നാട്ടിലേക്ക് യാത്ര തിരിച്ചത്. എന്നാൽ പുഞ്ചിരിയോടെ പോയി വരാം എന്ന് പറഞ്ഞ കുവൈറ്റിൽ നിന്ന് വന്ന ആൾ ഇനി ഒരിക്കലും തിരികെ എത്തില്ല എന്ന് വിശ്വസിക്കാൻ ഇനിയും കുവൈത്ത് മലയാളികൾക്ക് കഴിഞ്ഞിട്ടില്ല.

മലയാളി സമൂഹത്തിന് സഹായകരമായതും ഓര്‍ക്കാനുള്ളതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയാണ് അദ്ദേഹം വിടവാങ്ങുന്നതെന്നും മലയാളി മീഡിയാ ഫോറം കുവൈത്ത് അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി.

കുവൈത്തിലെ മാധ്യമരംഗത്തും നിറസാന്നിധ്യമായിരുന്നു ഗഫൂർ. കേരള പ്രസ്‌ക്ലബ് കുവൈത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗഫൂര്‍.

കുവൈത്ത്‌ ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക്‌ റിസർച്ച്‌ സെന്ററിൽ (കിസർ) സീനിയർ ഫോട്ടോ ഗ്രാഫർ ആയിരുന്നു അദ്ദേഹം. അതിനു മുൻപ് ദീർഘ കാലമായി മലയാള മനോരമയുടെ കുവൈത്ത്‌ ബ്യൂറോയുടെ ഫോട്ടോ ഗ്രാഫർ ആയി സേവനമുഷ്ഠിച്ചു. സഹോദരനായ നൗഫലും കുവൈത്തിൽ അല്‍ജരീദ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്.

പൊയിലിൽ ഇബ്രാഹിമിൻ്റെയും, ആയിഷയുടെയും മകനാണ്. ഫൗസിയ യാണ് ഭാര്യ. മക്കൾ: അഥീന പർവീൺ, അഭിന പർവീൺ. മറ്റ് സഹോദരങ്ങൾ: ബൾക്കീസ്, തജുന്നീസ.