ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകല്ലേ!! ജൂലൈ ഏഴ് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിര്‍ദേശം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൽസ്യബന്ധന തൊഴിലാളികളോട്, ദയവായി മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകരുതേ, അപകടം പതിയിരിക്കുന്നു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ ഏഴു വരെ മത്സ്യബന്ധത്തിന് പോകരുതെന്ന് ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണ് അറിയിപ്പ്.

ചില സമയങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച കടലിൽ പോയി വിവിധ അപകടങ്ങൾ ജില്ലയിൽ കഴിഞ്ഞ ആഴ്ചയിൽ സംഭവിച്ചിരുന്നു. അതിനെ തുടർന്ന് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ജൂലൈ അഞ്ചുവരെ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ, മധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.

ജൂലൈ ആറ്, ഏഴ് തീയതികളിൽ തെക്ക്- കിഴക്കൻ, മധ്യ- കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഭാഗങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.