‘മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു, പുതുക്കിയ പിഴ പ്രകാരം ലൈസന്‍സ് ഇല്ലെങ്കില്‍ 15000, മദ്യപിച്ചാല്‍ 10000 പിഴ’; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം അറിയാം
കൊയിലാണ്ടി: ‘കേരളത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു, പുതുക്കിയ പിഴ തുക ഇങ്ങനെ’. അടുത്തിടെയായി വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ തുടക്കമാണ് ഇത്. കേരള പൊലീസ് പുറപ്പെടുവിക്കുന്ന സന്ദേശമാണ് ഇതെന്നും പരമാവധി ഷെയര്‍ ചെയ്യണമെന്നും മെസേജില്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനെന്നോണം നിരവധി പേരാണ് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് ഈ മെസേജ് ഫോര്‍വേഡ് ചെയ്യുന്നത്.
എന്നാല്‍ ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് ഈ മെസേജില്‍ പറയുന്ന കാര്യം ശരിയാണോ എന്ന് പരിശോധിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ പരിശോധിക്കാതെ കണ്ണടച്ച് ചറപറ ,യെര്‍ ചെയ്യുന്ന ഇത്തരം സന്ദേശങ്ങള്‍ പലപ്പോഴും പല കുഴപ്പങ്ങള്‍ക്കും കാരണമായേക്കും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ വസ്തുത എന്താണ് എന്ന് പരിശോധിക്കുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം.
കേരളത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു എന്നും പുതിയ പിഴ തുകകള്‍ അറിയാമെന്നും പറഞ്ഞ് തുടങ്ങുന്ന മെസേജിന്റെ ഉള്ളടക്കത്തില്‍ പലവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക എത്രയാണ് എന്ന് പറയുന്നുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പഴയ പിഴ 500, പുതിയ പിഴ 15000, അമിത വേഗത്തിന് പഴയ പിഴ 400, പുതിയ തുക 1000/2000, മദ്യപിച്ച് വാഹനമോടിച്ചാല്‍ പഴയ തുക 2000 പുതുക്കിയ പിഴ 10000… എന്നിങ്ങനെ പോകുന്നു മെസേജ്.
ഒറ്റനോട്ടത്തില്‍ തന്നെ ആധികാരികത ഒട്ടും തോന്നാത്ത ഈ മെസേജിനാല്‍ ആയിരക്കണക്കിന് ആളുകളാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. ഈ വ്യാജ മെസേജ് ഉണ്ടാക്കിയ വ്യക്തി പോലും ചിന്തിക്കാത്ത അത്രയും ആളുകളിലേക്കാണ് ഇത്തരം മെസേജുകള്‍ ഫോര്‍വേഡ് ചെയ്ത് എത്തപ്പെടുന്നത്. അതിനാലാണ് ഞങ്ങള്‍ ഈ മെസേജ് വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഈ മെസേജിന്റെ വസ്തുത എന്താണ്?
ഇല്ല എന്ന് നിസ്സംശയം പറയാം. എങ്കിലും അത് ഉറപ്പിക്കാനായി ഞങ്ങള്‍ കേരള പൊലീസുമായി ബന്ധപ്പെട്ടു. പൊലീസിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശമായതിനാലാണ് അവരോട് തന്നെ ഇതിനെ കുറിച്ച് തിരക്കിയത്.
സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്ററിലേക്ക് ഞങ്ങള്‍ ഈ സന്ദേശം അയച്ചപ്പോള്‍, ‘ഇത്തരം ഒരു അറിയിപ്പ് കേരള പൊലീസ് ഔദ്യോഗികമായി നല്‍കിയിട്ടില്ല’ എന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.
അപ്പോള്‍ ഇതില്‍ പറയുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പിഴ എത്രയെല്ലാമാണ്? കേരള സര്‍ക്കാര്‍ 2019 ലെ നിയമഭേദഗതിയിലൂടെയാണ് പിഴ തുകകളില്‍ മാറ്റം വരുത്തിയത്. ഇത് പ്രകാരം പ്രധാനപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള പിഴ എത്രയെന്ന് താഴെ അറിയാം:
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ – 5000 രൂപ
ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ – 500 രൂപ
സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിച്ചാല്‍ – 500 രൂപ
ചെറുവാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിച്ചാല്‍ – 1500 രൂപ
മീഡിയം/ഹെവി വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിച്ചാല്‍ – 3000 രൂപ
മത്സര ഓട്ടം, അപകടകരമായ ഡ്രൈവിങ് – 5000 രൂപ
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ – 2000 രൂപ
മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആദ്യതവണ: 1000 രൂപ പിഴ, ആറ് മാസം വരെ തടവ് ശിക്ഷ, അല്ലെങ്കില്‍ രണ്ടും ഒന്നിച്ച്. രണ്ടാം തവണ: 15000 രൂപ പിഴ, രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ, അല്ലെങ്കില്‍ രണ്ടും ഒന്നിച്ച്.
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ – ആദ്യ തവണ 2000 രൂപ പിഴ, മൂന്ന് മാസം വരെ തടവ് ശിക്ഷ, അല്ലെങ്കില്‍ രണ്ടും ഒന്നിച്ച്. രണ്ടാം തവണ 4000 രൂപ പിഴ, മൂന്ന് മാസം വരെ തടവ് ശിക്ഷ, അല്ലെങ്കില്‍ രണ്ടും ഒന്നിച്ച്.
ഗതാഗത തടസം സൃഷ്ടിച്ചാല്‍ – 500 രൂപ
ആംബുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ – 5000 രൂപ
വസ്തുത ഇതാണെന്നിരിക്കെ വാട്ട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്ന വ്യാജസന്ദേശം വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് വായനക്കാരോട് കൊയിലാണ്ടി ന്യൂസ് ഡോട് കോം അഭ്യര്‍ത്ഥിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിശ്വസിക്കാനും മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാനും പാടുള്ളൂ. നമുക്ക് ഉത്തരവാദിത്തത്തോടെ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കാം.