മാട്രിമോണി സൈറ്റില്‍ യുവതികളുടെ ഫോട്ടോ നല്‍കി അവിവാഹിതരായ യുവാക്കളില്‍ നിന്നും പണംതട്ടി; കുന്ദമംഗലത്ത് 22കാരന്‍ പിടിയില്‍


കുന്ദമംഗലം: മാട്രിമോണിയല്‍ സൈറ്റില്‍ യുവതികളുടെ ഫോട്ടോ പരസ്യം നല്‍കി അവിവാഹിതരായ യുവാക്കളില്‍നിന്നും മധ്യവയസ്‌കരില്‍നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പറത്താഴത്ത് വീട്ടില്‍ ഉമേഷ് മോഹനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സൈറ്റുകളില്‍ നിന്നും ഫോണ്‍ നമ്പര്‍ ശേഖരിച്ച് യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കും അയച്ചുകൊടുക്കും. രജിസ്‌ട്രേഷന്റെയും പെണ്ണുകാണലിന്റെയും പേരില്‍ ഗൂഗിള്‍ പേവഴി പണം തട്ടുകയായിരുന്നു. മൂവായിരം മുതല്‍ അയ്യായിരം രൂപവരെയാണ് ഇയാള്‍ കൈപ്പറ്റിയത്.

പിടിക്കപ്പെടാതിരിക്കാന്‍ പല പേരുകളിലാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ആളുകളാണ് കൂടുതലും തട്ടിപ്പിനിരയായത്.