അമ്മയുടെ ചികിത്സയ്ക്കെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് പണം തട്ടിയെടുത്തു; സൈബര്‍ സെല്‍ എസ്.ഐയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പ്; പൂനൂരില്‍ ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍
കോഴിക്കോട്: അമ്മയുടെ ചികിത്സയ്ക്കെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ട് വ്യാപാരിയില്‍ നിന്ന് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി പൂനൂര്‍ മങ്ങാട് കുട്ടാക്കില്‍ നിഷാജ് (28) ആണ് അറസ്റ്റിലായത്. എടക്കര സ്വദേശിയായ വ്യാപാരിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം മാതാവിനു ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് ചമഞ്ഞും യുവാവ് തട്ടിപ്പ് നടത്തി.
പലതവണയായി ഒരു ലക്ഷം രൂപയോളം വാങ്ങി. ഇതിനിടയില്‍ വ്യാപാരി അമ്മയെ കാണാന്‍ ആഗ്രഹം അറിയിച്ചു. യുവാവ് പറഞ്ഞതു പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു കടന്നു. ഒരു മാസം കഴിഞ്ഞു യുവാവ് സൈബര്‍ സെല്ലിലെ എസ്.ഐ ആണെന്ന് പറഞ്ഞ് വ്യാപാരിയെ വിളിച്ചു. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പണം നല്‍കിയതെന്നും കേസില്‍ കൂട്ടുപ്രതിയാക്കാതിരിക്കണമെങ്കില്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് വ്യാപാരി മൂന്ന് ലക്ഷം രൂപ നല്‍കി. വ്യാപാരി പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പ്രതി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി വയനാട് ലക്കിടിയില്‍ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി.ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ കെ.അബൂബക്കര്‍, എഎസ്‌ഐ സി.കെ.അബ്ദുല്‍ മുജീബ്, പൊലീസുകാരായ രതീഷ്, സബീറലി, അനീഷ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.