ഡോക്ടര്‍ ഇല്ലാതെ പ്രസവം നടത്തി, രക്തസ്രാവത്താല്‍ അവശയായി; താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ അസാന്നിധ്യത്തില്‍ പ്രസവം നടത്തിയതായി പരാതി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ഷമീജിന്റെ ഭാര്യ ആദിരയ്ക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് അവശയായതായി പരാതി. അവശയായതോടെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. പ്രസവ സമയത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ നേഴ്‌സിന് സംഭവിച്ച അബദ്ധമാണ് രക്തസ്രാവത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.

കുടുംബം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ യുവതിക്കാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണത്തിലെ അശ്രദ്ധ കാരണം രക്തസ്രാവമുണ്ടായത്. താമരശ്ശേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ സംബന്ധിച്ച് പരാതി വ്യാപകമാകുമ്പോഴും ആശുപത്രി മാനേജിംഗ് കമ്മിറ്റി യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.