പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ.ടി.ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി.ശോഭീന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിയാറ് വയസായിരുന്നു. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച ശോഭീന്ദ്രന്‍ മാഷിന്റെ വേഷവും വ്യത്യസ്തമായിരുന്നു. എപ്പോഴും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരം വേഷം.
കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. ഷട്ടര്‍, അമ്മ അറിയാന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗവണ്മെന്റ് എൽ.പി. സ്കൂൾ ക ക്കോടി, എ.കെ.കെ.ആർ. ഹൈസ്കൂൾ ചേളന്നൂർ, മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം.
വിപ്ലവം ദിനപത്രത്തില്‍ സബ് എഡിറ്റർ, ലക്ചറർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബാംഗ്ലൂർ, ഗവണ്മെന്റ് കോളേജ് മൊളക്കാൽ മുരു, ചിത്രദുർഗ കർണാടക, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2002-ൽ ഇക്കണോമിക്സ് വിഭാഗം മേധാവിയായി വിരമിച്ചു.
ഉച്ചവരെ കോഴിക്കോട് കക്കോടി മൂട്ടോളിയിലെ വസതിയിൽ വെച്ചതിന്‌ശേഷം ഉച്ചക്ക് ശേഷം പൊതുദർശനത്തിനായി കൊണ്ട് പോകും. അച്ഛന്‍: നാരായണന്‍. അമ്മ അംബുജാക്ഷി. ഭാര്യ: എം.സി. പത്മജ (ചേളന്നൂര്‍ എസ്.എന്‍. കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി). മക്കള്‍: ബോധി (കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് പ്രൊഫസര്‍, ഫാറൂഖ് കോളേജ്), ധ്യാന്‍ (ഐ.സി.ഐ.സി. ഐ. ബാങ്ക്). മരുമക്കള്‍: ദീപേഷ് കരിമ്പുങ്കര (അധ്യാപകന്‍, ചേളന്നൂര്‍ എസ്.എന്‍. കോളേജ്), റിയ.