രണ്ടുദശാബ്ദത്തോളം നടുവണ്ണൂര്‍ റിജീയണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരന്‍; സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ


കൊയിലാണ്ടി: നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായിരുന്ന സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ. കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുവെച്ച് അദ്ദേഹം സഞ്ചരിച്ച അതേദിശയില്‍ പോകുകയായിരുന്ന ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയും അദ്ദേഹം ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.

കൈകള്‍ക്കും വാരിയെല്ലിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നയുടനെ ബോധമുണ്ടായിരുന്നെങ്കിലും പിന്നീട് അബോധാവസ്ഥയിലായിരുന്നു. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. രാത്രി എട്ടുമണിയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കൊയിലാണ്ടിയുമായി ഏറെക്കാലത്തെ ബന്ധമുണ്ട് സുരേഷ് ബാബുവിന്. അദ്ദേഹം വിവാഹം കഴിച്ചത് കുറുവങ്ങാട് സ്വദേശിയെയാണ്. കൊയിലാണ്ടിയില്‍ ഏറെ സൗഹൃദങ്ങളുമുണ്ട്.

രണ്ട് ദശാബ്ദത്തോളം കാലം നടുവണ്ണൂര്‍ റീജിണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലുമെല്ലാം വ്യാപിച്ച വലിയ സൗഹൃദ വലയം തന്നെയുണ്ടായിരുന്നു. ബാങ്ക് സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് നടുവണ്ണൂര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഇന്ന് അവധി നല്‍കി.

അച്ഛന്‍: പരേതനായ കേളോത്ത് വാസുണ്ണി നായര്‍. അമ്മ: പരേതയായ മീനാക്ഷിയമ്മ. ഭാര്യ: ബീന (വാകയാട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക). മക്കള്‍: നന്ദന (അബുദാബി), അനന്തജിത്ത് (വിദ്യാര്‍ഥി). സഹോദരന്‍: ശാരദ ബാലന്‍, വത്സല മാധവന്‍, ദേവി ദാമോദരന്‍, വസുമതി സദാനന്ദന്‍, നന്ദിനി രാജന്‍.