കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗം ശനിയാഴ്ച മുതല്‍ പുതിയ ബ്ലോക്കില്‍; അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി എത്തേണ്ടത് ഈ വഴി


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതല്‍ പി.എം.എസ്.എസ്.വൈ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. അത്യാഹിത വിഭാഗ സേവനങ്ങള്‍, അഞ്ച് ഓപ്പറേഷന്‍ തീയറ്ററുകള്‍, അനുബന്ധ ഐസിയുകള്‍ എന്നിവയാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്.

ആശുപത്രിയിലെ മുഴുവന്‍ സര്‍ജ്ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും അത്യാഹിത വിഭാഗവും സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

റോഡപകടം സംഭവിച്ചും മറ്റ് അത്യാഹിതങ്ങളില്‍പ്പെട്ടും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങള്‍ മുമ്പ് കാഷ്വാലിറ്റി പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തേക്ക് പ്രവേശിക്കാതെ മെഡിക്കല്‍ കോളേജ് പ്രധാന കവാടത്തിന് മുന്‍വശത്ത് കൂടെ നേരെ കാരന്തൂര്‍ റോഡ് വഴി ഐ.എം.സി.എച്ച് ഔട്ട് പേഷ്യന്റ് വിഭാഗം ഗേറ്റിന് മുന്നിലൂടെ സഞ്ചരിച്ചാല്‍ ഇടത് ഭാഗത്തായി കാണുന്ന പി.എം.എസ്.എസ്.വൈ ബ്ലോക്ക് കവാടത്തിലൂടെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.