പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകള്‍; പിടിയിലായത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ


കൊയിലാണ്ടി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയിലായത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ. ഇന്നലെ രാത്രിയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയത്.

സെന്‍ട്രല്‍ ഇന്റലിജന്‍സും മഹാരാഷ്ട്ര എ.ടി.എസുമാണ് പ്രതിയെ കുടുക്കിയത്. റെയില്‍വേ പൊലീസും അന്വേഷണത്തില്‍ സജീവമായിരുന്നു. പ്രതിയ്ക്കുവേണ്ടി ഇന്നലെ പശ്ചിമ ഉത്തര്‍പ്രദേശില്‍ വ്യാപകമായ പരിശോധന നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഷഹറൂഖ് സെയ്ഫി എന്ന പേരുള്ളവരെയായിരുന്നു പ്രധാനമായും ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തത്.

പിന്നീട് രത്‌നഗിരിയിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. ഫോണ്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളാണ് പ്രതിയെ കുടുക്കാന്‍ സഹായകരമായത്. കേരള പൊലീസ് രത്‌നഗിരിയിലെത്തിയിട്ടുണ്ട്. പ്രതിയെ നടപടിക്രമങ്ങള്‍ക്കുശേഷം കേരള പൊലീസിന് കൈമാറും.

ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.