എലത്തൂര്‍ തീവണ്ടി ആക്രമണം: പ്രതിയുടെതെന്ന് കരുതുന്ന യൂട്യബ് ചാനല്‍ കണ്ടെത്തി; വീഡിയോകളില്‍ ഉള്ളത് ട്രെയിനില്‍ കണ്ട ആളെന്ന് സാക്ഷി
കോഴിക്കോട്: എലത്തൂരില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി ആക്രമണ കേസിലെ പ്രതിയുടെത് എന്ന് സംശയിക്കുന്ന യൂട്യൂബ് ചാനല്‍ അന്വേഷണ സംഘം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലെ പോക്കറ്റ് ഡയറിയില്‍ നിന്നാണ് യൂട്യൂബ് ചാനലിന്റെ പേര് അന്വേഷണ സംഘത്തിന് ലഭിച്ചത്. ചാനലിലെ വീഡിയോകളില്‍ ഉള്ളത് ട്രെയിനില്‍ കണ്ട ആളാണെന്ന് സംശയിക്കുന്നതായി മുഖ്യസാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദ്ദീന്‍ കാര്‍പ്പെന്റര്‍, ഹാരിം-കാര്‍പ്പെന്റര്‍ എന്നിങ്ങനെയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയ നോട്ട്പാഡില്‍ രേഖപ്പെടുത്തിയിരുന്നത്. നോയിഡ എന്ന സ്ഥലപ്പേരും ഇതിനൊപ്പമുണ്ട്. കൂടാതെ പോക്കറ്റ് ഡയറിയില്‍ ഒരു അലമാരയുടെ അളവും എഴുതിയിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന ആള്‍ യൂട്യൂബ് ചാനലില്‍ പറയുന്ന അലമാരയുടെ അളവും ഇത് തന്നെയാണ്. ഇതോടെയാണ് യൂട്യൂബ് ചാനല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ സംഘം ശേഖരിച്ചുകഴിഞ്ഞു.
ഇരിക്കാന്‍ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ഡി-1 കോച്ചിന്റെ ശുചിമുറിക്ക് സമീപം പ്രതിയെന്ന് സംശയിക്കുന്ന ആള്‍ നില്‍ക്കുന്നതായി സാക്ഷിമൊഴിയുണ്ട്. സീറ്റുണ്ടായിട്ടും ഇരിക്കാത്തതിനാലാണ് ഇയാളെ ശ്രദ്ധിച്ചതെന്നും സാക്ഷി പൊലീസിനോട് പറഞ്ഞു. ആക്രമണം നടന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിലുണ്ടായിരുന്ന ഇരുപതോളം പേരുടെ മൊഴിയാണ് പൊലീസ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പല സംഘങ്ങളായാണ് പൊലീസ് പ്രതിയെ തിരയുന്നത് എന്ന് കമ്മീഷണര്‍ രാജ്കുമാര്‍ മീണ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഡല്‍ഹി പൊലീസുമായി ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍നിന്നുള്ള സിം കാര്‍ഡ് ഫോണില്‍ മുമ്പ് ഉപയോഗിച്ചെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഫാറൂഖ്, എഫ്.സി.8, അബ്ദുള്‍ ഫസല്‍ എന്‍ക്ലേവ്, ജാമിയാനഗര്‍, സൗത്ത് ഡല്‍ഹി എന്ന മേല്‍വിലാസത്തിലാണ് 7289865663 എന്ന നമ്പറിലുള്ള സിം കാര്‍ഡ് എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.