വളർത്തു മീൻ ചത്തതോടെ മനോവിഷമത്തിലായി; മലപ്പുറത്ത് എട്ടാംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു


മലപ്പുറം: വളർത്തു മീൻ ചത്ത മനോവിഷമത്തിൽ മലപ്പുറത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ റോഷൻ ആർ. മേനോൻ(13) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലാണ് റോഷനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിന് മുകളിൽ പോയതായിരുന്നു റോഷൻ. ഏറെ സമയം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ടെറസിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റോഷന്റെ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് റോഷൻ. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.