ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം, ഒടുവില്‍ കൂട്ടിയിടി; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് ആര്‍.ടി.ഒ
നടുവണ്ണൂര്‍: മത്സരയോട്ടത്തിനിടെ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്റ് ചെയ്തു. ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റീജിയണല്‍ ആര്‍.ടി.ഒ മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്.
നന്മണ്ട റീജിയണല്‍ ആര്‍.ടി.ഒ രാജീവാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കാളിന്ദി ബസ്സിന്റെ ഡ്രൈവര്‍ പ്രേമദാസന്‍, ബി.ടി.സി ബസ്സിന്റെ ഡ്രൈവര്‍ റജികുമാര്‍ എന്നിവരുടെ ലൈസന്‍സാണ് ആര്‍.ടി.ഒ സസ്‌പെന്റ് ചെയ്തത്.
ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് ബസ് ഡ്രൈവര്‍മാരും എടപ്പാളിലുള്ള ഡ്രൈവേഴ്സ് ട്രെയ്‌നിങ് റിസര്‍ച്ച് സെന്ററില്‍ മൂന്നുദിവസത്തെ ക്ലാസില്‍ പങ്കെടുക്കണം. മെയ് 18 ന് വൈകീട്ട് 6.40 ന് നടുവണ്ണൂരിലാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ബസ് യാത്രക്കാരന്റെ പരാതിയില്‍ പേരാമ്പ്ര അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാന്‍ നടത്തിയ അന്വേഷണത്തിലാണ് അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയത്.