ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും വേണം, രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ കഴിയണം; സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി ആര്‍.ടി.ഒ


കൊയിലാണ്ടി: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊയിലാണ്ടി എസ്.ആര്‍.ടി.ഒയുടെ പരിധിയിലെ എല്ലാ സ്‌കൂള്‍ ബസ്സുകളും മെയ് 30, 31 തിയ്യതികളില്‍ ഹാജരാകണമെന്നും ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ചെക്ക്ഡ് സ്റ്റിക്കറും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.

സ്‌കൂളുകളിലേക്കും തിരിച്ചും കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ ബസ്സുള്ള സ്ഥാപന മേധാവിള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും ആര്‍.ടി.ഒ പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ നിശ്ചിത നിറത്തിലുള്ള യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം, രക്ഷിതാക്കള്‍ക്ക് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ സാധിക്കണം, സീറ്റ് എണ്ണത്തെക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ല എന്നിങ്ങനെ ഒരുപിടി നിര്‍ദ്ദേശങ്ങളാണ് സ്‌കൂളുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ളത്.

ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. ഹെവി മോട്ടോര്‍ വാഹനം ഓടിക്കുന്നവരാണെങ്കില്‍ അത്തരം വാഹനം ഓടിക്കാനായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം മതി.
  • ബസ്സുകളില്‍ യൂണിഫോമായി വെള്ള ഉടുപ്പും കറുത്ത പാന്റും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം. സ്‌കൂള്‍ ബസ്സുകളല്ലാത്ത മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം.
  • ഓരോ വാഹനത്തിലും അധ്യാപകരോ അനധ്യാപകരോ ആയ ഒരാളുണ്ടാകണം.
  • സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നിശ്ചയിച്ച പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്.
  • മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും ഡ്രൈവറാകരുത്.
  • സ്‌കൂളിന്റെതല്ലാത്ത മറ്റ് വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്ന സമയത്ത് ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്ന് എഴുതേണ്ടതാണ്.
  • സീറ്റ് എണ്ണത്തില്‍ അധികമായി വിദ്യാര്‍ത്ഥികളെ നിര്‍ത്തി കൊണ്ട് യാത്ര ചെയ്യാന്‍ പാടില്ല.

വിദ്യാ വാഹന്‍ ആപ്ലിക്കേഷന്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്തിറക്കിയ വിദ്യാ വാഹന്‍ ആപ്ലിക്കേഷന്‍ എല്ലാ രക്ഷിതാക്കള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഈ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസ്സിന്റെ വേഗത, ബസ് കടന്നുപോകുന്ന സ്ഥലങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ സാധിക്കും. കൂടാതെ ആപ്പ് ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് ബസ്സിലുള്ള സഹായിയെ വിളിക്കാനുള്ള സൗകര്യവുമുണ്ട്.

സ്‌കൂള്‍ ബസ്സുള്ള വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള നിര്‍ദ്ദേശം

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. tracking.keralamvd.gov.in എന്ന വെബ്‌സൈറ്റില്‍ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് എല്ലാ സ്‌കൂള്‍ ബസ്സുകളും പാരന്റ് മാപ്പിങ് ചെയ്യേണ്ടതാണ്.