അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച മലയാളിയ്ക്ക് ഒടുവില്‍ തുണയായത് ഇംഗ്ലണ്ടില്‍ നിന്നുള്ള അജ്ഞാത സ്ത്രീ; ചികിത്സാനുഭവം വിശദീകരിച്ച് സ്റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മൈത്ര ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍


കോഴിക്കോട്: അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച കോഴിക്കോട്ടുകാരനായ 33കാരന്റെ ചികിത്സയ്ക്കിടെയുണ്ടായ അനുഭവം വിശദീകരിച്ചുകൊണ്ട് സ്‌റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മൈത്ര ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആവശ്യം വന്ന ഈ രോഗിയ്ക്ക് ഇത്രയേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നും യോജിച്ച ഡോണറെ കണ്ടെത്താന്‍ കഴിയാതെ വന്നത് ഇന്ത്യയില്‍ ആളുകളില്‍ സ്‌റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധമില്ലാത്തതാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തുന്നു.

” 33കാരനായ കോഴിക്കോട് സ്വദേശി ചികിത്സതേടി വന്നിരുന്നു. അദ്ദേഹത്തിന് അപൂര്‍വ്വമായ ലിംഫോമിയയായിരുന്നു ഉണ്ടായിരുന്നു. അദ്ദേഹത്തിന് പലതരം കീമോ നല്‍കിയിട്ടും രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ ഡിസീസ് കട്രോള്‍ ചെയ്യാന്‍ വേണ്ടി പ്രതിരോധ ശക്തി കൂട്ടാന്‍ വേണ്ടിയുള്ള ബോണ്‍ മാരോ ട്രാന്‍സ് പ്ലാന്റ് ചെയ്യാന്‍ പ്ലാന്‍ ചെയ്തു. അതിനാവശ്യമായ ടെസ്റ്റുകള്‍ ചെയ്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഫാമിലിയില്‍ മാച്ച് ഉണ്ടായിരുന്നില്ല. അടുത്ത ഘട്ടമെന്ന നിലയില്‍ മാച്ച്ഡ് അണ്‍റിലേറ്റഡ് ഡോണര്‍ സര്‍ച്ച് വഴി അന്വേഷിച്ചപ്പോള്‍ യൂറോപ്പില്‍ അദ്ദേഹത്തിന് മാച്ചായ നൂറിലധികം ഡോണര്‍മാര്‍ ഉണ്ടെന്ന് കണ്ടെത്തി.” അദ്ദേഹം പറയുന്നു.

‘ആ ഡോണര്‍ ലണ്ടനില്‍ നിന്നും സ്‌റ്റെംസെല്‍ ഡൊണേറ്റ് ചെയ്തു. അത് കാലിക്കറ്റ് മൈത്രയില്‍ എത്തിച്ചുതന്നിരുന്നു. അതിനുശേഷം രോഗിക്ക് ഹൈ ഡോസ് കീമോതെറാപ്പി കൊടുത്ത് സ്റ്റെംസെല്‍ സ്വീകരിക്കാന്‍ തയ്യാറാക്കി. തുടര്‍ന്ന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്ത് രോഗി സുഖംപ്രാപിച്ചശേഷം ഡിസ്ചാര്‍ജ് ചെയ്തു. ആറുമാസം കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ രോഗം നിയന്ത്രണത്തിലായതായി കണ്ടു.’

‘യൂറോപ്യന്‍ ജനസംഖ്യ വളരെ കുറവാണ്. എന്നിട്ടും നമുക്ക് ഡോണറെ കിട്ടിയത് അവിടെ നിന്നാണ്. ഇന്ത്യന്‍ ജനസംഖ്യ നൂറുകോടിയ്ക്ക് മുകളിലാണ്. എന്നിട്ട് നമുക്ക് ഒരാളെ ഇവിടെ നിന്ന് കിട്ടിയില്ല. അതിന് കാരണം ഇന്ത്യയിലെ ആളുകള്‍ ഡോണര്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതാണ്. നല്ല മനസുള്ളവര്‍ അതിന് തയ്യാറാകണം. സ്റ്റംസെല്‍ ദാനം ചെയ്യുന്നത് സങ്കീര്‍ണമായ ഒരു നടപടിയല്ല. രക്തദാനം പോലെ ലളിതമായ ഒന്നാണ്. അതിനാല്‍ നമ്മള്‍ രജിസ്റ്റര്‍ ചെയ്ത് ആര്‍ക്കെങ്കിലും മാച്ച് ആവുകയാണെങ്കില്‍ നമ്മള്‍ കാരണം ഒരു ജീവന്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പതിനെട്ടും അമ്പതിനും പ്രായമുള്ള എല്ലാവരും സ്റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യണം. അതിന് യാതൊരു ചെലവും വരുന്നതല്ല.” അദ്ദേഹം വ്യക്തമാക്കി.


സ്റ്റംസെല്‍ ദാനം ചെയ്യാന്‍ താല്‍പര്യമുള്ള ആഗോള കൂട്ടായ്മയില്‍ ലോകത്തെ 54 രാജ്യങ്ങള്‍ അംഗങ്ങളാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തുലക്ഷം പേര്‍ക്ക് ലിംഫോമ ബാധിക്കുന്നുണ്ട്. പക്ഷേ, രക്തമൂലകോശം (സ്‌റ്റെം സെല്‍സ്) ദാനം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് ഡോ.രാഗേഷ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നത്.