കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ശ്രമം; ബെഹ്റൈനില്‍ നിന്നും 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി എത്തിയ കൂരാച്ചുണ്ട് സ്വദേശിയും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ രണ്ട് പേരാമ്പ്ര സ്വദേശികളും പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. സംഭവത്തില്‍ കൂരാച്ചുണ്ട് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ (47), ഇയാളില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരെയാണ് പിടികൂടിയത്. ശരീരത്തിനകത്ത് 767 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് റഷീദ് ശ്രമിച്ചത്.

അഭ്യന്തര വിപണിയില്‍ 41 ലക്ഷം രൂപയാണ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ബെഹ്റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് പ്രതി കാലിക്കറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ആറരയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഷീദിനെ നിരീക്ഷിച്ചുകൊണ്ട് പോലീസ് പുറത്തുണ്ടായിരുന്നു.

സ്വര്‍ണ്ണം സ്വീകരിക്കൊനെത്തിയ പേരാമ്പ്ര സ്വദേശികളോടൊത്ത് കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് കജടന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും വാഹനസഹിതം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ മൂന്ന് പേരും വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് റഷീദിന്റെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് റഷീദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ റഷീദിന്റെ വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 3 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

റഷീദിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ കാത്തുനില്‍ക്കുമെന്നും സ്വര്‍ണ്ണം കൈമാറിയ ശേഷം അവര്‍ റഷീദിനെ കോഴികോട് ബസ് സ്റ്റാന്റില്‍ ഇറക്കിവിടുമെന്നുമായിരുന്നു ബെഹ്റൈനില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. റഷീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.

summary: perambra, koorachund natives were arrested by police,  trying to smuggle gold through karipore airport