കുറ്റ്യാടിയില്‍ വയോധിക മരണപ്പെട്ടു; ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണംകുറ്റ്യാടി: കുറ്റ്യാടിയില്‍ ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വയോധിക മരണപ്പെട്ടതായി ആരോപണം. വടയം മാവുള്ള ചാല്‍ കോളനിയലെ കദീജ ഉമ്മയാണ് മരിച്ചത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെത്തിയ ചെറുമകന്‍ ബഷീര്‍ ഖദീജയെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെയാണ് ഖദീജ മരണപ്പെടുന്നത്.

ഊരത്ത് മാവുള്ള ചാലിലുള്ള മകള്‍ ഫാത്തിമയുടെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. ഫാത്തിമയുടെ മകന്‍ ബഷീര്‍ ഖദീജയെ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നും പണം ചോദിച്ച് കൈപിടിച്ച് വട്ടം കറക്കിയിരുന്നെന്ന് ഫാത്തിമ പറഞ്ഞു. ബഷീറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ ഖദീജയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മകന്‍ ലഹരിക്കടിമയായിരുന്നെന്നും ഇവര്‍ പറയുന്നു.

ബഷീര്‍ ഒളിവിലാണ്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

മക്കള്‍: പരേതയായ ഖദീജ പനമരം, ഫാത്തിമ, നബീസ അടുക്കത്ത്, അബൂബക്കര്‍, കാസര്‍കോട്, മൊയ്തീന്‍ വെള്ളമുണ്ട്, ബീവി കാടാമ്പുഴ. മരുമക്കള്‍: പരേതനായ മുഹമ്മദ്, സുഹറ, റാബിയ, അബ്ദുറഹ്‌മാന്‍