നരിക്കുനിയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച്; ആറ് വയസുകാരിയുടെ നില ഗുരുതരം


നരിക്കുനി: ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നരിക്കുനി കാരുകുളങ്ങരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റത്. നരിക്കുളം പഞ്ചായത്തിലെ 3, 4 വാര്‍ഡുകളിലായുള്ള കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളിലാണ് പേ പിടിച്ച നായയുടെ ആക്രമണം ഉണ്ടായത്.

കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കി. പരിക്കേറ്റ ആറ് വയസുകാരിയുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അക്രമം നടത്തിയ നായയെ പിടികൂടിയത്. രാത്രിയോടെ കൂടുതല്‍ പരിശോധനക്കായി നായയെ വയനാട് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്കുശേഷം ഇന്ന് വൈകിട്ടോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ പ്രദേശങ്ങളില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ വളര്‍ത്തു മൃഗങ്ങള്‍ക്കോ കടിയേറ്റിട്ടുണ്ടെങ്കില്‍ ഉടന്‍ അതാത് പ്രദേശങ്ങളിലെ വാര്‍ഡ് മെമ്പര്‍മാരെ ഉടന്‍ അറിയിക്കണമെന്നും, മറ്റ് തെരുവ് നായകള്‍, പൂച്ച,കുറുക്കന്‍ തുടങ്ങി മറ്റ് മൃഗങ്ങള്‍ക്കും ഈ നായയില്‍ നിന്ന് കടിയേറ്റിരിക്കാന്‍ സാധ്യതയുള്ളതിനാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, പേ വിഷബാധ സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹര്‍ പൂമംഗലം അറിയിച്ചു.