കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം, ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിക്കാന്‍ തീരുമാനം


തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്‌. ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം.

അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവയാണ് ആവശ്യങ്ങൾ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ അറിയിച്ചു.

സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിൻ്റെ ഭാഗമാകും.