ജില്ലാ കേരളോത്സവം നവംബർ 10 മുതൽ; നൂറില്‍പരം കലാകായിക മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത് 5,000ത്തോളം പ്രതിഭകൾ
കോഴിക്കോട്: ജില്ലാ കേരളോത്സവം നവംബർ 10 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. നവംബർ 10 മുതൽ 19 വരെ കായിക മത്സരങ്ങളും ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി കലാ മത്സരങ്ങളുമാണ് നടക്കുക. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല സംഘാടകസമിതി യോഗം ചേർന്നു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമായി 5,000 ത്തോളം കലാകായിക പ്രതിഭകൾ ജില്ലാ കേരളോത്സവത്തിൽ മാറ്റുരയ്ക്കും. 105 ഇനങ്ങളിലായാണ് കലാകായിക മത്സരങ്ങൾ നടക്കുക. തൂണേരി ബ്ലോക്കിൽ കലാ മത്സരങ്ങളും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി കായിക മത്സരങ്ങളുമാണ് നടക്കുക.
നവംബർ 10ന് ജില്ലാ പഞ്ചായത്തിൽ പഞ്ചഗുസ്തി, ചെസ്സ് മത്സരങ്ങൾ നടക്കും. 11, 12 തീയതികളിലായി വട്ടോളി ഹയർസെക്കന്ററി സ്കൂളിൽ വോളിബോൾ, ഇതേ വേദിയിൽ 12 ന് ബാസ്കറ്റ് ബോൾ, 13 ന് ദേവഗിരി കോളേജിൽ ബാഡ്മിന്റൺ, 14 ന് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിൽ കബഡി, 14, 15, 16 തീയതികളിലായി ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിൽ ക്രിക്കറ്റ്, 17 ന് ലോകനാർകാവിൽ കളരി, 18 ന് ആർച്ചറി, 18, 19 തിയ്യതികളിൽ പെരുവയൽ സെന്റ് സാവിയോ സ്കൂളിൽ ഫുട്ബോൾ, 19 ന് നടക്കാവ് സ്വിമ്മിംഗ് പൂളിൽ നീന്തൽ, 20ന് മണിയൂരിൽ വടംവലി എന്നിങ്ങനെയാണ് മത്സരങ്ങൾ. ത്‌ലറ്റിക്സ് മത്സരങ്ങൾ നവംബർ 12ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പൃത്തിയിൽ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കായിക അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.