വായനാ സംസ്കാരം പുതുതലമുറയെ നേർവഴിക്ക്‌ നയിക്കും: കൊയിലാണ്ടിയിലെ ‘കിതാബ്’ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംവിധായകന്‍ മധുപാല്‍


Advertisement

കൊയിലാണ്ടി: പുതുതലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ. യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കർട്ടൻ കലാവേദിയുമായി ചേർന്ന് കൊയിലാണ്ടിയിൽ നടത്തുന്ന കിതാബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന വിദ്ധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ അകറ്റി നിർത്തും. വായനയാണ് സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നതെന്നും എഴുത്തുകാർ കാലത്തേയും സംസ്ക്കാരത്തേയുമാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

സംഘാടക സമിതി ചെയർമാൻ ഡോ.അബൂബക്കർ കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ യു.എ ഖാദർ സാംസ്കാരിക പാർക്കിൽ മധുപാലിൻ്റെ ‘ഇരു കരകൾക്കിടയിൽ ഒരു ബുദ്ധൻ’ എന്ന പുസ്തകം ചർച്ച ചെയ്ത് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡോ: ശശികുമാർ പുറമേരി പുസ്തക പരിചയം നടത്തി. കിതാബ് ഫെസ്റ്റ് ഒന്നാം പതിപ്പിൻ്റെ ഓർമ്മ പുസ്തകം നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ടിന് നൽകി ഇപ്റ്റ ദേശീയ ഉപാധ്യക്ഷൻ ടി.വി ബാലൻ പ്രകാശനം ചെയ്തു. ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന പുസ്തകോത്സവം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Advertisement

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ അജിത്, കിതാബ് ഫെസ്റ്റ് ഡയരക്ടർ അഷറഫ് കുരുവട്ടൂർ, പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ബാബുരാജ്, യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ.വി സത്യൻ സംഘാടക സമിതി കൺവീനർ പ്രദീപ് കണിയാറക്കൽ എന്നിവർ സംസാരിച്ചു.

Advertisement

തുടര്‍ന്ന്‌ പ്രശസ്ത ബാവുൽ ഗായിക ശാന്തി പ്രിയയുടെ ബാവുൽ സംഗീതം അരങ്ങേറി. മാനവികത, ജൈവികത, ബഹുസ്വരത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇന്നും നാളെയുമായി കൊയിലാണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തക ചർച്ച നടക്കും. മലയാളത്തിലെ പ്രസിദ്ധരായ എഴുത്തുകാരുടെ 23 പുസ്തകങ്ങളാണ് ചർച്ചക്കെടുക്കുക. എഴുത്തുകാരും വായനക്കാരും നേരിട്ട് സംവദിക്കും. പുസ്തക ചർച്ചക്കൊപ്പം ഇന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി കവി എം.എം സചീന്ദ്രൻ നയിക്കുന്ന രചനാ ശില്‌പ ശാലയും നാളെ അബു മാഷ് നയിക്കുന്ന നാടക ശില്പശാലയും സംഘടിപ്പിക്കും.

Description: Director Madhupal at the 'Kitaab' literature festival in Koyilandy