ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്‌; കോഴിക്കോട് സ്വദേശിയുടെ 40,000 തട്ടിയെടുത്തയാളുടെ കൂട്ടാളി പോലീസ് പിടിയില്‍, രാജ്യത്തെ ആദ്യ അറസ്റ്റ്‌


തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതി വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയുടെ കൂട്ടാളിയെ കേരളാ പോലീസ് ഗുജറാത്തില്‍ നിന്നും പിടികൂടി. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് പിടിയിലായത്.

ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന് രാജ്യത്തെ ആദ്യ അറസ്റ്റാണിത്. നിരവധി മൊബൈല്‍ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന ഇയാള്‍ ഗുജറാത്തിലും കര്‍ണാടത്തിലും സമാന സ്വഭാവമുള്ള കേസുകളില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് സൈബര്‍ ക്രൈം പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യല്‍ സ്വക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മെഹസേനയില്‍ ദിവസങ്ങളോളം പോലീസ് സംഘം താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്‌. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലാവുന്നത്. ഡീപ് ഫേക്ക്‌ സാങ്കേതിക വിദ്യയും അദ്ധേഹത്തിന്റെ സുഹൃത്തിന്റെ ശബ്ദവും വീഡിയോയും ഉപയോഗിച്ച് അതില്‍ മാറ്റം വരുത്തി വീഡിയോ കോള്‍ മുഖേന കബളിപ്പിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പിന്നാലെ സൈബര്‍ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചിരുന്നു.

പരാതിക്കാരന്റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്നയാള്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ വോയിസ് കോള്‍ ചെയ്താണ് തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. അടുത്ത ബന്ധുവിന്റെ ഓപ്പറേഷന് വേണ്ടി 40,000 രൂപ തരണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ വീഡിയോ കോളില്‍ സംസാരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടതോടെ തട്ടിപ്പ് സംഘം ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു.

പരാതിക്കാരനില്‍ നിന്നും തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഒരാളുടെ അക്കൗണ്ടിലേക്കും അവിടെ നിന്ന് ഗോവയിലെ മറ്റൊരു അക്കൗണ്ടിലേക്കുമാണ് എത്തിയത്. ഗുജറാത്തിലെ അക്കൗണ്ടിന്റെ ഉടമയാണ് പ്രതികളില്‍ ഒരാളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.