മഴക്കെടുതിയിൽ നാട്, കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നാശ നഷ്ടം; ക്യാമ്പുകൾ കുറഞ്ഞു


കൊയിലാണ്ടി: ജില്ലയിൽ മഴക്ക് നേരിയ ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ​കടിയങ്ങാട് ഉൾപ്പെടെ ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ 129 പേരാണുള്ളത്. വടകര താലൂക്കിൽ കഴിഞ്ഞ ദിവസം ചോറോട് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലഞ്ഞേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി ​ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് പിരിച്ചുവിട്ടു. ​ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എൽ.പി സ്കൂളിലെ ക്യാമ്പിൽ ആറ് കുടുംബത്തിലെ 20 പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊയിലാണ്ടി താലൂക്കിൽ ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വടകര താലൂക്കിൽ മഴക്ക് ശമനമായതോടെ നാദാപുരം വില്ലേജിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും കാവിലുംപാറ പഞ്ചായത്തിലെ ക്യാമ്പിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങി. നിലവിൽ വടകര താലൂക്കിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല. വടകര താലൂക്കിലെ തീരദേശ മേഖലയായ പുറങ്കര വളപ്പിൽ നിന്നും കടലാക്രമണത്തെ തുടർന്ന് 9 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 16 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിൽ ഇതുവരെ 51 വീടുകൾക്കാണ് ഭാഗികമായി തകരാറുകൾ സംഭവിച്ചത്.

കോഴിക്കോട് താലൂക്കിൽ നിലവിൽ നാല് ക്യാമ്പുകളിലായി 33 പേരാണുള്ളത്. പന്നിയങ്കര വില്ലേജിലെ ജി.എൽ.പി.എസ് കപ്പക്കൽ, ചേവായൂർ വില്ലേജിലെ ജി.എച്ച്.എസ്.എസ് എൻ.ജി.ഒ ക്വാർട്ടേഴ്സ്, മാവൂർ വില്ലേജിലെ കച്ചേരിക്കുന്ന് അംഗൻവാടി, കുമാരനല്ലൂർ വില്ലേജിലെ മൂട്ടോളി അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കസബ വില്ലേജിലെ ക്യാമ്പ് പിരിച്ചുവിട്ടു.

താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവ.യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 25 കുടുംബങ്ങളിൽ നിന്നുള്ള 76 അംഗങ്ങളാണ് താമസിക്കുന്നത്.

ജില്ലയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 1077 ആണ് ടോൾ ഫ്രീ നമ്പർ. കലക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ : 0495 – 2371002

കോഴിക്കോട് താലൂക്ക് കൺട്രോൾ റൂം നമ്പർ : 0495-2372967
താമരശേരി താലൂക്ക് കൺട്രോൾ റൂം നമ്പർ : 0495 -2224088
വടകര താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-2520361
കൊയിലാണ്ടി താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-2623100

Summary: Damage losses at various places in Koyilandy taluk. No of Camps are reduced