മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്, കാണാതായശേഷം ഒരു ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെത്തിയെന്ന് കണ്ടെത്തല്‍


മേപ്പയ്യൂര്‍: മേപ്പയൂര്‍ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിന്റെ (32) തിരോധാനം സംബന്ധിച്ച കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദീപക്കിന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് തീരുമാനം.

ദീപക്കിനെ കാണാതായതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് ദീപക്കിന്റെ അമ്മ ശ്രീലത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തത്. ഡി.ജി.പി, എ.ഡി.ജി.പി, എസ്.പി, മേപ്പയൂര്‍ എസ്.എച്ച്.ഒ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി.

തുടര്‍ന്ന് ഈ കേസ് അന്വേഷണത്തിനായി ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ ഡി.ഐ.ജി ചുമതലപ്പെടുത്തി. സംഘത്തില്‍ ഗ്രേഡ് എസ്.ഐമാരായ വി.പി. രവി, കെ.പി. രാജീവന്‍, പി.പി. മോഹനകൃഷ്ണന്‍, സീനിയര്‍ സി.പി.ഒമാരായ കെ.പി. സുരേഷ്ബാബു, ജി.എല്‍. സന്തോഷ്, ഷാരേഷ്, കെ. ഷീബ എന്നിവരാണുള്ളത്.

2022 ജൂണ്‍ ഏഴിന് മേപ്പയൂരിലെ വീട്ടില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള രേഖകള്‍ ശരിയാക്കാന്‍ എറണാകുളത്തേക്ക് എന്നു പറഞ്ഞ് പോയ ദീപക്ക് പിന്നീട് വീട്ടിലെത്തിയിട്ടില്ല. ദീപക് വീട്ടില്‍നിന്ന് ഇറങ്ങിയ ദിവസം എറണാകുളം, തലശ്ശേരി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്തതായി മനസ്സിലായിട്ടുണ്ട്.

പിന്നീട് ഒരുദിവസം രാത്രി ഒമ്പതിന് കോഴിക്കോട് മാവൂര്‍ റോഡില്‍ ഉള്ളതായി ടവര്‍ ലൊക്കേഷന്‍ വഴി മനസ്സിലാക്കാന്‍ കഴിഞ്ഞതായും പിന്നീട് ഫോണ്‍ സ്വിച്ഓഫ് ചെയ്തതായും ഡിവൈ.എസ്.പി പറഞ്ഞു.

ജൂലൈ 17ന് തിക്കോടി കോയിക്കല്‍ കടപ്പുറത്തുനിന്ന് ലഭിച്ച മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു. എന്നാല്‍, ആഗസ്റ്റ് അഞ്ചിന് ഡി.എന്‍.എ പരിശോധനയിലൂടെ അത് ദീപക്കിന്റെ മൃതദേഹമല്ലെന്നും സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേതാണെന്നും കണ്ടെത്തി. തുടര്‍ന്ന് ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല.

വിദേശത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ദീപക് സാമ്പത്തിക കേസില്‍ ജയിലിലാവുകയും പിന്നീട് കയറ്റി വിടുകയുമായിരുന്നു. ദീപക്കിന് 180 സെ.മീ. ഉയരമുണ്ട്. നല്ല തടിയും ഇരുനിറവുമാണ്. വീട്ടില്‍നിന്ന് പോകുമ്പോള്‍ നീല കളര്‍ ജീന്‍സും നീലക്കള്ളി ഷര്‍ട്ടുമാണ് ധരിച്ചത്. ഇയാളെ കണ്ടെത്തുന്നവര്‍ 9497990120 നമ്പറില്‍ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.