വേളം പള്ളിയത്ത് പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങിതോടെ പരിഭ്രാന്തരായി ജനങ്ങള്‍; കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്തു


വേളം: വേളം പള്ളിയത്ത് ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ ഇറങ്ങിയത് ഭീതിപടര്‍ത്തി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്‌സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു.

കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍ അകപ്പെട്ടെന്നറിഞ്ഞതോടെ ഒട്ടേറെയാളുകളാണ് അങ്ങാടിയിലെത്തിയത്. കീഴ്പ്പെടുത്താന്‍ ശ്രമംനടത്തിയെങ്കിലും ആക്രമണഭീതി കാരണം ആളുകള്‍ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പൊതുപ്രവര്‍ത്തകന്‍ അമാനത്തിന്റെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് കടയില്‍നിന്ന് പന്നിയെ പുറത്തിറക്കിയത്.

പുറത്തിറങ്ങിയതിനുശേഷം പന്നി ഓടിപ്പോയി അതേസമയം, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പന്നിശല്യം രൂക്ഷമായതായിയും കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു.