കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണയ്‌ക്കെതിരെ മാർച്ച് നടത്തി സി.പി.എം; സ്റ്റേഷന് നൂറ് മീറ്റർ അകലെ വെച്ച് വടം കെട്ടി തടഞ്ഞ് കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണയ്‌ക്കെതിരെ മാർച്ച് നടത്തി സിപിഎം. കൊയിലാണ്ടി റെയിവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക, കോവിഡിന് മുൻപ് കൊയിലാണ്ടിയിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക, വടകര എം.പി കെ മുരളീധരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രകടനമായി സ്റ്റേഷനിലേക്ക് നീങ്ങിയ മാർച്ച് പോലീസ് തടഞ്ഞു. സ്റ്റേഷന് നൂറ് മീറ്റർ അകലെ വെച്ച് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം വടംകെട്ടി തടഞ്ഞു നിർത്തി.
മാർച്ച് പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ ദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി വിശ്വൻ സംസാരിച്ചു. പി ബാബുരാജ്, സി അശ്വനിദേവ് കെ ഷിജു എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.