സി.പി.എം നേതാവും മുൻ എംഎൽഎയുമായ സി.പി കുഞ്ഞ് അന്തരിച്ചു


കോഴിക്കോട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ വാപ്പയാണ്.

1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, കെഎസ്ഇബി കൺസെൾറ്റീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് രണ്ടിൽ വൻ വിജയം നേടിയാണ് 1987ൽ സി പി കുഞ്ഞ് ആദ്യമായി നിയമസഭയിലെത്തുന്നത്. തെരഞ്ഞെടുപ്പ് വേദിയിലെ മികച്ച പ്രാസംഗികനായിരുന്നു. സംസ്ഥാന–ദേശീയ രാഷ്ട്രീയ ഗതിവിഗതികളെ നർമം കലർത്തി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തെ ജനപ്രിയനാക്കി.

1930 ജൂൺ 30ന് കുഞ്ഞലവി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ഭാര്യ: എം എം ഖദീശാബി. നാല് ആൺമക്കളും മൂന്ന് പെൺ മക്കളും ഉണ്ട്.

Summary: cpm leader and ex mla cp kunju passes away