”കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക” പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സമ്മേളനം


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വേ നല്ല വരുമാനം നല്‍കുന്ന സ്റ്റേഷനായിട്ടുകൂടി അടിസ്ഥാന സൗകര്യങ്ങള്‍ കൊയിലാണ്ടിയില്‍ വളരെ പരിമിതമാണ്. പ്ലാറ്റ്‌ഫോമുകളില്‍ മുഴുവനായി മേല്‍ക്കൂരകളില്ല. ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്‌റ്റേഷനില്ല. അടുത്തിടെ നിരവധി ജീവനുകളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടങ്ങളില്‍ നഷ്ടമായത്. ഇത് അവസാനിപ്പിക്കാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ടൗണ്‍ ബ്രാഞ്ചിലെ ചേരിക്കുന്നുമ്മല്‍ പി.വി.സത്യനാഥന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം ടി.വി.ദാമോദരന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. എം.വി.ബാലന്‍, കെ.പി.സുധ, വി.സി.സഫീര്‍ എന്നിവരുള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. പ്രമേയ കമ്മിറ്റിക്കുവേണ്ടി ജാന്‍വി.കെ.സത്യന്‍ പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.സത്യന്‍, അഡ്വ.എല്‍.ജി.ലിജീഷ്, കെ.ഷിജു, കെ.ടി.സിജേഷ് എന്നിവര്‍ പങ്കെടുത്തു.

പി.ചന്ദ്രശേഖരന്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നാളെ റെഡ് വളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം എ.എം.റഷീദ് ഉദ്ഘാടനം ചെയ്യും. പുതിയ ചെത്തുതൊഴിലാളി ഓഫീസ് പരിസരത്തുനിന്ന് തുടങ്ങുന്ന മാര്‍ച്ച് സമ്മേളന നഗരിയില്‍ അവസാനിക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പൊതുസമ്മേളനം.

Summary: cpim koyilandy central local conference