വിയ്യൂരില്‍ വെള്ളക്കെട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം, കണ്‍ട്രോള്‍ റൂം തുറന്നു


കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം. താലൂക്കിലെ 31 വില്ലേജുകള്‍ക്കും കടല്‍ത്തീരമുള്ള ആറ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്.

താലൂക്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി താലൂക്ക് ഭരണകൂടം അറിയിച്ചു. 0496 2620235 ആണ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍. മഴക്കെടുതികളോ അടിയന്തിര സാഹചര്യമോ ഉണ്ടായാല്‍ താലൂക്കിലെ ജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം.

കൊയിലാണ്ടി താലൂക്കില്‍ വിയ്യൂരിലുണ്ടായ വെള്ളക്കെട്ട് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് കെടുതികള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിയ്യൂര്‍ വില്ലേജിലെ കോമത്ത് താഴെ ഭാഗത്ത് ഒന്നര മീറ്റര്‍ ഉയരത്തിലാണ് വെള്ളം കയറിയത്. ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഭാഗമാണ് ഇവിടം. വെള്ളക്കെട്ട് ഉടന്‍ നീക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി, മൂടാടി എന്നീ പഞ്ചായത്തുകളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.