‘ലക്ഷ്യം ‍ഞാൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുക’; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്


കോഴിക്കോട്: പാർട്ടിയിൽനിന്ന് അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് കോൺ​ഗ്രസ് നേതാവ്. പി.വി.മോഹൻലാലാണ് കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല സസ്പെൻഷനെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വലത്തിലുണ്ടായിരുന്ന ആളാണ് അദ്ദേഹം.

പാർട്ടി നേതാക്കളെ സമൂഹമധ്യത്തിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുകാണിച്ചാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് മോഹൻലാലിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞവർഷം ഡിസംബർ 16-നായിരുന്നു സംഭവം.

സസ്പെൻഷനുമായി ബന്ധപ്പെട്ട് തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല, നടപടിക്കുശേഷം അപ്പീൽ നൽകിയെങ്കിലും അതും പരിഗണിച്ചില്ല. സസ്പെൻഷൻ നടപടി സ്വീകരിക്കുമ്പോൾ പാർട്ടി ഭരണഘടന അനുസരിച്ച് കാലപരിധി പറയണം. ഇതും തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ഇക്കാര്യങ്ങൾ വ്യക്താമാക്കിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവർക്കിതിരെയാണ് പരാതി. ഫെബ്രുവരി 27-ന് ഹാജരാവാൻ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചതായി മോഹൻലാൽ പറഞ്ഞു.

ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്സ്ഥാനത്തേക്ക് ഞാൻ മത്സരിച്ചിരുന്നു. കോൺഗ്രസുകാരനായ താൻ മത്സരിച്ചിട്ടും പാർട്ടി സി.പി.എം. പാനലിനെ സഹായിക്കുകയായിരുന്നെന്നും മോഹൻലാൽ ആരോപിച്ചു. എന്നിട്ടും 27 വോട്ടിനാണ് താൻ പരാജയപ്പെട്ടത്. നേതൃത്വത്തിലെ ചിലർക്ക് ഇതിന്റെ പേരിൽ വെെരാ​ഗ്യമുണ്ട്. ഇതിനുശേഷമാണ് പകപോക്കൽ നടപടിയുണ്ടായത്. പാർട്ടി പുനഃസംഘടനയിൽ താൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.

Summary: Congress leader approached the Kozhikode Munsiff Court against his suspension from the party