തീരദേശ ഹൈവേ വികസനം; കൊയിലാണ്ടിയിലെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഹൈവേ വികസനവുമായി മുന്നോട്ട് പോകുമെന്ന് എം.എൽ എ
കൊയിലാണ്ടി: തീരദേശ മേഖലയില്‍ അനേകം വികസന സാധ്യതകള്‍ക്ക് വഴിവെക്കുന്ന തീരദേശ ഹൈവേയെ ഏറെ പ്രതീക്ഷയോടെയാണ് കൊയിലാണ്ടിയും കാണുന്നത്. തീരമേഖലയില്‍ കൊയിലാണ്ടി ഹാര്‍ബര്‍ തുറന്നുവെച്ച വികസന സാധ്യതകള്‍ക്ക് കുറേക്കൂടി ആക്കംകൂട്ടാന്‍ ഹൈവേ വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ പാതയിലെ തിരക്ക് കുറയ്ക്കലും സുഗമമായ ചരക്ക് നീക്കവും വിനോദസഞ്ചാര വികസനുമാണ് തീരദേശ പാതയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കൊയിലാണ്ടി മണ്ഡലത്തില്‍ തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാപ്പാട് മുതല്‍ മുത്തായംവരെയുള്ള ഭാഗങ്ങളിലെ പ്രശ്നുപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഹാര്‍ബറിന്റെ പരിസര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 35ാം വാര്‍ഡിലെ ജനങ്ങളുടെ യോഗം വിളിച്ചിരുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരെ വിശ്വാസത്തിലെടുത്ത് ഹൈവേ നിര്‍മ്മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊയിലാണ്ടി എം.എല്‍.എ അറിയിച്ചു.
Also Read: തീരദേശ ഹൈവേ : നഷ്ട പരിഹാരം, പ്രവർത്തന പുരോഗതി – അറിയാം വിശദമായി
കാപ്പാട് മുതല്‍ മുത്തായം വരെയുള്ള ഭാഗത്താണ് പലയിടങ്ങളിലായി ഹൈവേ അലൈമെന്റിനെതിരെ പ്രതിഷേധമുയര്‍ന്നത്. പാറപ്പള്ളി ഉള്‍പ്പെടുന്ന ഭാഗത്ത് ഖബറിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്ന നിലയിലാണ് നിലവിലെ അലൈന്‍മെന്റ്. അത് മാറ്റി പള്ളിയുടെ മുന്‍ഭാഗത്തുകൂടി പോകുന്ന സ്ഥിതിയിലാക്കുകയാണെങ്കില്‍ പ്രദേശത്തെ മൂന്നുവീടുകള്‍ നഷ്ടമാകും. ഇതില്‍ ഏത് എന്നത് പ്രദേശവാസികളുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കോരപ്പുഴ മുതല്‍ കൊളാവിപ്പാലം വരെ 38 കിലോമീറ്റര്‍ ദൂരത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിലൂടെ തീരദേശ ഹൈവേ കടന്നുപോകുന്നത്. കോരപ്പുഴ മുതല്‍ കൊയിലാണ്ടി ഹാര്‍ബറിന്റെ തെക്കുഭാഗം, കൊയിലാണ്ടി മുതല്‍ തിക്കോടി മുത്തായം വരെയുള്ള ഭാഗം, മുത്തായംമുതല്‍ വടകര സാന്റ് ബാങ്ക് വരെയുള്ള ഭാഗം എന്നിങ്ങനെയുള്ള റീച്ചുകളായി തിരിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഇതില്‍ മുത്തായം മുതല്‍ സാന്റ് ബാങ്ക്സ് വരെയുള്ള ഭാഗത്തില്‍ കുറച്ചുദൂരം വടകര മണ്ഡലത്തിന്റെ ഭാഗമാണ്. കോട്ടക്കല്‍ മുതല്‍ തിക്കോടിവരെയുള്ള റീച്ചില്‍ പ്രശ്നങ്ങളൊന്നുമില്ല. ഇവിടെ ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്.
അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതാണ് ഹൈവേ നിര്‍മ്മാണ നടപടികള്‍ വൈകാന്‍ കാരണമെന്നാണ് ലാന്റ് അക്വിസിഷന്‍ കിഫ്ബി തഹസില്‍ദാര്‍ ഓഫീസിലെ ജെ.എസ് ഗിരീഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.