കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് കുത്തക കോഴിഫാം മാഫിയ; ഇന്ന് മുതല്‍ മൂന്നുദിവസം കടയടച്ച് സമരമെന്ന് സംസ്ഥാനത്തെ ചിക്കന്‍ വ്യാപാരികള്‍


കോഴിക്കോട്: സംസ്ഥാനത്തെ ചിക്കന്‍ വ്യാപാരികള്‍ കടയടപ്പ് സമരം നടത്തും. കോഴിവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്ന കോഴിഫോം ഉടമകളുടെ നടപടിക്കെതിരെയാണ് കേരള ചിക്കന്‍ വ്യാപാരി സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം. കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ 16 വരെ മൂന്നു ദിവസത്തെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കന്‍ വ്യാപാരി ഏകോപന സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല.

കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന കുത്തക കോഴിഫാം മാഫിയയാണെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രെഷറര്‍ കെ.വി.റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രോളിങ് നിരോധനവും ബക്രീദും മുന്നില്‍കണ്ടാണ് ഫാം ഉടമകള്‍ കോഴി പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കോഴത്തീറ്റക്കും അനുബന്ധ സാധനങ്ങള്‍ക്കും പറയത്തക്ക വില വര്‍ധനവ് ഉണ്ടായിട്ടില്ല. എന്നിട്ടും ഫാമുകൡ വില വര്‍ധിക്കുന്നതാണ് പൂഴ്ത്തിവെപ്പെന്ന് വ്യാപാരികളുടെ ആരോപണത്തിന് പിന്നില്‍. കോഴികളുടെ ക്ഷാമമാണ് വില വര്‍ധനവിന് കാരണമായി ഫാമുകാര്‍ പറയുന്നത്.

.17 ദിവസത്തിനുള്ളില്‍ 80 രൂപയോളമാണ് കോഴിക്ക് ലഭിച്ചത്. എന്നാല്‍ വിലവര്‍ധനയുടെ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. തറവില പ്രഖ്യാപിച്ചില്ലെങ്കില്‍ മേഖല കുത്തക കമ്പനികളുടെ നിയന്ത്രണത്തിലാകുമെന്ന് ചിക്കന്‍ വ്യാപാരികള്‍ പറയുന്നു.

മിക്കയിടത്തും 160- രൂപയില്‍ താഴെ കോഴി കിട്ടാനില്ല. കോഴിയിറച്ചിക്ക് 250ന് മുകളിലാണ് വില. കര്‍ഷകര്‍ക്ക് കിട്ടുന്ന വില 136–148 രൂപയാണ്. തമിഴ്നാട്– 130, കര്‍ണാടക- 145, തെലങ്കാന- 152, പൂണെ– 121, ബീഹാര്‍– 112, അസം–130, മധ്യപ്രദേശ്- 127, ഉത്തര്‍പ്രദേശ്–110, ഡല്‍ഹി-107, പഞ്ചാബ്- 103 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷകനു ലഭിക്കുന്ന വില. 100 രൂപയാണ് ഹരിയാനയിലും രാജസ്ഥാനിലും. വന്‍തോതില്‍ ഉല്‍പ്പാദനമുള്ള കമ്പനികള്‍ തമിഴ്നാട് അടക്കമുള്ള ഇതരസംസ്ഥാനങ്ങളിലുണ്ട്.