കുളിച്ച് കുട്ടപ്പന്‍മാരായി ചിക്കന്‍പോക്‌സിനെ നേരിടാം! രോഗം വന്നാലോ പകരാതിരിക്കാനോ എന്ത് ചെയ്യണം? ഡോ.ഷിംന അസീസ് പറയുന്നു


ഡ്യൂഡ്രോപ്‌സ് എന്ന് കേട്ടിട്ടില്ലേ, അത് തന്നെ, മഞ്ഞുതുള്ളി.

രണ്ട് ദിവസത്തേക്കൊരു പനിയും തലവേദനയും ക്ഷീണവുമൊക്കെ കഴിഞ്ഞ് ദേഹത്ത് അങ്ങിങ്ങായി ചുവന്ന പാടുകള്‍ വരുന്നെന്ന് കരുതുക. കുറച്ച് നേരം കഴിയുമ്പോള്‍ അവയെല്ലാം പതുക്കേ വെള്ളം നിറഞ്ഞ കുരുക്കളായി, നേരത്തേ പറഞ്ഞ ഡ്യൂ ഡ്രോപിനോളം ഭംഗിയുള്ള കുരുക്കളായി മാറും. ആ സുന്ദരന്‍ കുരുക്കളെ നോക്കി ആരായാലും രോഗനിര്‍ണയം നടത്തിപ്പോകും- ‘അയ്യോ, ചിക്കന്‍പോക്സ്!’.

നമ്മള്‍ ഇന്ന് സംസാരിക്കുന്നതും ആ അവസ്ഥയെക്കുറിച്ചാണ്.

ഈ ചുവന്ന പാടുകളും മഞ്ഞുതുള്ളികളും ദേഹത്ത് പൊങ്ങുമ്പോഴല്ല യഥാര്‍ത്ഥത്തില്‍ ചിക്കന്‍പോക്സ് ആരംഭിക്കുന്നത്. മറ്റൊരു രോഗിയില്‍ നിന്നും രോഗാണു ശരീരത്തില്‍ എത്തി പത്ത് മുതല്‍ ഇരുപത്തൊന്ന് ദിവസം കഴിയുമ്പോഴാണ് നമ്മുടെ ദേഹത്ത് ചിക്കന്‍പോക്‌സിന്റെ റാഷ് കണ്ട് തുടങ്ങുന്നത്. ഈ കാരണം കൊണ്ടാണ് ഒരാള്‍ കുളിക്കുമ്പോഴാണ് അടുത്ത ആള്‍ക്ക് രോഗം വരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. ചിക്കന്‍പോക്‌സ് വന്നു എന്ന് കരുതി കുളിക്കാതിരിക്കുകയൊന്നും വേണ്ട കേട്ടോ. അതിനെക്കുറിച്ച് വഴിയെ പറയാം.

ദേഹത്ത് പൊങ്ങുന്നതിനും നാല്‍പത്തെട്ട് മണിക്കൂര്‍ മുന്നേ തന്നെ ഒരു ചിക്കന്‍പോക്സ് രോഗിക്ക് രോഗം വായുവിലൂടെ പരത്താനാകും. ആ സമയത്ത് ഇതെങ്ങനെ തിരിച്ചറിഞ്ഞ് തടയുമെന്നാണോ? ബുദ്ധിമുട്ടാണ്. ദേഹത്ത് ഈ വെള്ളം നിറഞ്ഞ കുരുക്കള്‍ വന്ന് കഴിഞ്ഞ് അത് ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗി രോഗം പരത്താന്‍ ശേഷിയുള്ള ആളാണ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം വായുവിലൂടെ വാരിസെല്ല സോസ്റ്റര്‍ എന്നയിനം വൈറസുകള്‍ പരക്കും.

മുന്‍പ് ചിക്കന്‍പോക്സ് വന്നവര്‍ക്കും ചിക്കന്‍പോക്സിനെതിരേ വാക്സിനേഷന്‍ എടുത്തവര്‍ക്കും ഒഴികേ എല്ലാവര്‍ക്കും സൂക്കേട് കിട്ടും. അപൂര്‍വ്വമായി ഈ രോഗം രണ്ടാമത് വരാറുണ്ട്. അത് പോലെ വാക്‌സിന്‍ എടുത്തവര്‍ക്കും ചിലപ്പോള്‍ വരാറുണ്ട്. അത് പക്ഷെ, വളരെ മിതമായ തോതില്‍ ആയിരിക്കും, രോഗം സങ്കീര്‍ണതകളിലേക്ക് പോവുകയുമില്ല.

പനി, തലവേദന, ക്ഷീണം, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ മിക്കവരിലും ഉണ്ടാകാം. ഇവയുണ്ടെന്ന് ഡോക്ടറോട് പറഞ്ഞാല്‍ വേണ്ട ചികിത്സ ലഭിക്കും. അത് പോലെ, കണ്ണിനകത്ത് കുരുക്കള്‍ ഉണ്ടാവുക, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ പ്രതിരോധശേഷി കുറവാകുന്ന രോഗങ്ങള്‍ ഉണ്ടായിരിക്കുക, ഗര്‍ഭിണിയായിരിക്കുക, വീട്ടില്‍ ആറുമാസം ആയിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറോട് സൂചിപ്പിക്കുക. ഗര്‍ഭാവസ്ഥയില്‍ ചിക്കന്‍പോക്സ് വന്നാല്‍ ഇമ്മ്യുണോഗ്ലോബുലിന്‍ നല്‍കുന്നതും ചികിത്സയില്‍ ഉള്‍പ്പെടുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് അത്യാവശ്യമാണ്.

ചിക്കന്‍പോക്സ് വന്നിട്ടില്ലാത്തവര്‍ പൂര്‍ണമായും രോഗിയില്‍ നിന്നും അകന്ന് മാറി നില്‍ക്കുക തന്നെ വേണം. പ്രത്യേകിച്ച് ആറുമാസത്തില്‍ താഴെയുള്ള കുട്ടികളും പ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും ആ ഏരിയയിലേ പോകരുത്. ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ ചിക്കന്‍പോക്സ് ഉണ്ടാകുന്നത് ഗര്‍ഭസ്ഥശിശുവിന് സാരമായ വൈകല്യങ്ങളുണ്ടാക്കാം.

സാധാരണ ഗതിയില്‍ ആയുസ്സിലൊരിക്കല്‍ മാത്രം വന്നുപോകുന്ന ഈ രോഗം ഒരു ഭീകരനല്ല. ചിക്കന്‍പോക്സ് വന്ന് പോയാല്‍ കുറച്ച് വൈറസുകള്‍ ഞരമ്പില്‍ തങ്ങാം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയോ വാര്‍ദ്ധക്യമെത്തുകയോ ചെയ്യുമ്പോള്‍ ആ ഞരമ്പിന്റെ സപ്ലൈ പോകുന്ന ഭാഗത്ത് മാത്രമായി പൊള്ളകള്‍ ഉണ്ടാകും. കടുത്ത വേദനയുള്ള ഈ രോഗത്തിന് ഞരമ്പ്‌ചൊള്ള/ഞരമ്പ് പൊട്ടി എന്നൊക്കെയാണ് നാട്ടുപേര്. ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് ചിക്കന്‍പോക്സ് പകരാം.

ചിക്കന്‍പോക്സ് ചിലര്‍ക്ക് അവിടിവിടെ കുറച്ച് പാടുകള്‍ അവശേഷിപ്പിച്ചേക്കാം എന്നതില്‍ കവിഞ്ഞ് സാരമായ രോഗമാകാറില്ല. ഈ പാടുകള്‍ ഒരു പരിധി വരെ വരാതിരിക്കാനും, ഇതിന്റെ ഭാഗമായുള്ള പനിക്കും വേദനക്കും ചൊറിച്ചിലിനുമെല്ലാം മരുന്നുകളുണ്ട്. ദേഹത്ത് കുരുക്കള്‍ പൊങ്ങിത്തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരുന്ന് കഴിച്ചാല്‍ അമിതമായി കുരുക്കള്‍ പൊങ്ങുന്നത് തടയാന്‍ പറ്റും. സ്വാഭാവികമായും പാടുകളുടെ എണ്ണം കുറയും. ചിക്കന്‍പോക്സ് വരുമ്പോഴത്തെ പ്രധാന ആശങ്കയാണല്ലോ ഈ സൗന്ദര്യം കാടു കയറുന്ന ടെന്‍ഷന്‍. അത് ഫലപ്രദമായി തടയാന്‍ സാധിക്കും.

പക്ഷേ, പനി, തലവേദന, ക്ഷീണം തുടങ്ങിയ പൊതുവായ ലക്ഷണങ്ങളില്‍ കവിഞ്ഞ് കൂടിയ ഹൃദയമിടിപ്പ്, കഴുത്തനക്കാന്‍ പറ്റാത്ത വിധമുള്ള വേദന, വിറയല്‍, കടുത്ത ക്ഷീണവും പനിയും, രോഗി തളര്‍ന്ന് കിടക്കുന്ന അവസ്ഥ, സ്ഥലകാലബോധമില്ലാത്ത അവസ്ഥ തുടങ്ങിയവ ചിക്കന്‍പോക്സ് സങ്കീര്‍ണതകളിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാവാം. ന്യുമോണിയ, മസ്തിഷ്‌കജ്വരം പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടോയെന്ന് ഉടനേ പരിശോധിച്ച് ചികിത്സ തേടേണ്ടതുണ്ട്.

ചിക്കന്‍പോക്സ് വന്നാല്‍ തണുപ്പ് കഴിച്ചാല്‍ കുരുക്കള്‍ പെട്ടെന്ന് പൊങ്ങി രോഗം മാറും, ഏതാണ്ടൊക്കെയോ ഭക്ഷണം കഴിക്കരുത് എന്നൊക്കെയുള്ള അബദ്ധങ്ങള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. ഇത്തരം പഥ്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഉപവാസവും അരുത്. വേഗം ദഹിക്കുന്ന പോഷകപ്രദമായ ഭക്ഷണവും ധാരാളം വെള്ളവും വിശ്രമവുമാണ് ആവശ്യം. രോഗിയെ മറ്റുള്ളവരില്‍ നിന്നും മാറ്റി കിടത്താന്‍ ശ്രദ്ധിക്കുക.

ആയുസ്സില്‍ ഒരിക്കലേ വരൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല, യൂണിവേഴ്സിറ്റി എക്സാമിന്റെ ദിവസമോ സ്വന്തം കല്യാണത്തിനോ ഒക്കെ ചിക്കന്‍പോക്സ് വന്നാല്‍ എടങ്ങേറാകും. ആ, അത് പറഞ്ഞപ്പഴാ… ചിക്കന്‍പോക്സിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എടുക്കാവുന്ന വളരെ ഫലപ്രദമായ വാക്സിനുണ്ട്. അതെടുക്കുന്നത് വഴി അപ്രതീക്ഷിതമായി മേലെ ഡ്യൂ ഡ്രോപ് പൊങ്ങി പണി വാങ്ങുന്നത് ഒഴിവാക്കാം. കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്സിനുകളില്‍ ചിക്കന്‍പോക്സ് വാക്സിന്‍ ഉള്‍പ്പെടുന്നില്ല. നിങ്ങളുടെ ഡോക്ടറോട് ആവശ്യപ്പെട്ടാല്‍ വാക്സിനെടുക്കാം.

ഒരു കാര്യം കൂടി, അറിയാതെ ചിക്കന്‍പോക്സ് ഉള്ളൊരാളുമായി സമ്പര്‍ക്കമുണ്ടായി. നിങ്ങള്‍ക്ക് രോഗം വന്നിട്ടുമില്ല, വാക്സിനുമെടുത്തിട്ടില്ല. ക്യാ കരൂം? എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ എത്രയും നേരത്തേ ഓടിപ്പോയി വാക്സിനെടുത്താല്‍ മതി, രോഗം വരൂല. പക്ഷേ, വീട്ടിലുള്ളോര്‍ക്ക് അസുഖം വന്നാല്‍ മിക്കവാറും ഈ പരിപാടി നടക്കില്ല. കാരണം, ദേഹത്ത് ‘മഞ്ഞുതുള്ളി’ വീണ് രോഗമുണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നതിനും രണ്ട് ദിവസം മുന്നേ രോഗി രോഗം പരത്താനുള്ള ശേഷി നേടിയിരിക്കും. നമ്മള്‍ ചുമ്മാ അടുത്ത് ചെന്നിരുന്ന് അസുഖം വാങ്ങുകയും ചെയ്യും.

ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കരുതെന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് തെറ്റാണ്. ദേഹത്തുള്ള കുരുക്കള്‍ പോകും വരെ കുളിക്കാതിരിക്കണമെങ്കില്‍ ഏകദേശം രണ്ടാഴ്ച കുളിക്കാതിരിക്കേണ്ടി വരും. ഇത് തികച്ചും അനാവശ്യമാണെന്ന് മാത്രമല്ല, ദേഹത്തെ കുരുക്കള്‍ പൊട്ടിയതിന് മീതേ വൃത്തിയില്ലായ്മ കൊണ്ട് രോഗാണുക്കള്‍ അടിഞ്ഞ് ഇന്‍ഫക്ഷനുണ്ടാകാനും സാധ്യതയുണ്ട്. രണ്ട് നേരം വൃത്തിയായി കുളിച്ച് വസ്ത്രം മാറി വിശ്രമിക്കുക. വീട്ടിലുള്ള ആള്‍ കുളിക്കുമ്പോഴല്ല രോഗം പകരുന്നത്. രോഗാണു രണ്ടാഴ്ച മുന്നേ ശരീരത്തില്‍ കയറി രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കുന്ന ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞ് പുറത്ത് വരാന്‍ ഇത്രയും സമയമെടുക്കുന്നത് കൊണ്ടാണ് ഈ അന്ധവിശ്വാസം ഉടലെടുത്തത്. അപ്പോ കുളിച്ച് കുട്ടപ്പന്‍മാരായി ചിക്കന്‍പോക്സ് ആഘോഷിച്ചാട്ടെ (ഒറ്റക്ക്)….