ചെറുവണ്ണൂര്‍ കക്കറമുക്കില്‍ യു.ഡി.എഫിന് മിന്നും ജയം; എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് പിടിച്ചെടുത്ത് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി യു.ഡി.എഫ്
ചെറുവണ്ണൂര്‍: ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തിരിക്കുകയാണ്.
മുസ്ലിം ലീഗിലെ പി. മുംതാസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐയിലെ കെ.സി. ആസ്യയും മത്സരിച്ചു. ഇവര്‍ ഇരുവരെയും കൂടാതെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.എം. ശാലിനയും അപരകളായി രണ്ട് വീതം മുംതാസും ആസ്യയും ഉള്‍പ്പെടെ ഏഴ് പേര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു.
എല്‍.ഡി.എഫിനും യുഡിഎഫിനും വ്യക്തമായ ആധിപത്യമില്ലാത്ത വാര്‍ഡില്‍ കഴിഞ്ഞ തവണ 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശ്രീലേഖ പയ്യത്തിനെ ഇ.ടി. രാധ പരാജയപ്പെടുത്തിയത്. ഇവിടെ അപരയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീരേഖ 13 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.
2020ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 15 അംഗ ഭരണസമിതിയില്‍ 8 വാര്‍ഡുകളില്‍ എല്‍.ഡി.എഫും 7 വാര്‍ഡുകളില്‍ യു.ഡി.എഫുമാണ് വിജയിച്ചത്. എല്‍.ഡി.എഫിലെ സി.പി.ഐ പ്രതിനിധി ഇ.ടി രാധയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു.
മൂന്നണി ധാരണ പ്രകാരം സിപിഐക്ക് ലഭിച്ച ഏക ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ചെറുവണ്ണൂരിലേത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതായിരുന്നു. 15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത പ്രസിഡന്റായ ഇ.ടി രാധ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.