അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ രാസദുർഗന്ധം; ജീവനക്കാർക്ക് കണ്ണെരിച്ചിലും ദേഹാസ്വസ്ഥവും 


അത്തോളി: അത്തോളി കുടുംബാരോഗ്യകേന്ദ്രത്തിൽ രാസവസ്തു ലീക്ക് ആയി. ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥം അനുഭവപ്പെട്ടു. കൊയിലാണ്ടി അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതൽ അപകടം ഒഴിവായി.

ഇന്നലെ വൈകുന്നേരമാണ് സംഭവം. അത്തോളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ പി എച്ച് സിയിൽ രാസവസ്തു ലീക്ക് ആയി എന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. ജീവനക്കാർക്ക് കണ്ണെരിച്ചിലും ദേഹാസ്വസ്ഥവും അനുഭപ്പെട്ടിരുന്നു.

പ്രാഥമിക പരിശോധനയിൽ ഒരു കുപ്പിയിലെ രാസവസ്തു വെള്ളമൊഴിച്ച് നിർവീര്യമാക്കാൻ ശ്രമിച്ചതായി കണ്ടെത്തി. തുടർന്ന് സേനാംഗം ബിഎ(BA) സെറ്റ് ധരിച്ച് ആ ബോട്ടിലും അവിടെയുള്ള മുഴുവൻ രാസവസ്തുക്കളും അടങ്ങിയ കുപ്പികളും സ്ഥലത്തുനിന്നും മാറ്റി അപകടാവാസ്ഥ ഒഴിവാക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഓ മജീദ് കെ, ഗ്രേഡ് എ.എസ്.ടി.ഓ ജനാർദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി.പി, ശ്രീരാഗ്, അനൂപ്, ലിനീഷ്, അമൽരാജ്, ഷാജു, നിതിൻരാജ്, ഹോംഗാർഡ് രാജേഷ്, സിവിൽ ഡിഫൻസ് വോളന്റിയർമാരായ ഷാജി, നിഖിൽരാജ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.