വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കണമെന്ന് യു.ഡി.എഫിനോട് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി; മേപ്പയ്യൂരിലെ ഉപരോധ സമരവുമായി ബന്ധപ്പെട്ട് അന്‍പത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


പേരാമ്പ്ര: വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ യു.ഡി.എഫും മാധ്യമങ്ങളും കാണിക്കണമെന്ന് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്. വിദ്യയെ ഒളിവില്‍ താമസിപ്പിച്ചതുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സി.പി.എം ആണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസും ലീഗും മേപ്പയ്യൂരില്‍ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. ആവളയിലെ ഒരു സി.പി.എം നേതാവിന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ പിടികൂടിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ പ്രതിഷേധത്തിനിടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമങ്ങള്‍ ആവളയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ ക്യാമറുകളുമായി കയറിച്ചെല്ലുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് എം.കുഞ്ഞമ്മദിന്റെ വിശദീകരണം.

”ഇന്നലെവരെ പറഞ്ഞത് വിദ്യയെ പൊലീസ് സംരക്ഷിക്കുന്നു, പൊലീസ് ഒളിപ്പിച്ചുവെക്കുന്നുവെന്നാണ്. അവരെ അറസ്റ്റു ചെയ്തപ്പോള്‍ പറയുന്നത് വിദ്യയെ സി.പി.എം നേതാവാണ് സംരക്ഷിക്കുന്നത് എന്നാണ്. ഏത് വീട്ടില്‍വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്, ആരാണ് ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കണം.” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മേപ്പയ്യൂരില്‍ ഇന്നലെ നടത്തിയ യു.ഡി.എഫ് നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വഴിതടസ്സപ്പെടുത്തിയതിനാണ് കേസ്. അന്‍പതോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 35ഓളം പേര്‍ കണ്ടാലയറിയുന്നവരാണ്. കോണ്‍ഗ്രസ് നേതാക്കളായ പി.കെ.രാഗേഷ്, സുനന്ദ്, ഇ.അശോകന്‍ ലീഗ് പ്രവര്‍ത്തകരായ സി.പി.എ അസീസ്, സിറാജ് മാസ്റ്റര്‍, മിസ്സബ് കീഴരിയൂര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതിഷേധം നടത്തിയ ബി.ജെ.പിക്കാര്‍ക്കെതിരെയും കേസുണ്ട്.

പേരാമ്പ്രയിലെ ആവള കുട്ടോത്ത് നിന്നാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു ഈ മേഖലയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും രംഗത്തുവന്നത്. എന്നാല്‍ വിദ്യയെ എവിടെവെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നകാര്യത്തില്‍ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വടകര മേപ്പയില്‍ കുട്ടോത്തുവെച്ചാണെന്നും വില്ല്യാപ്പള്ളിയ്ക്ക് സമീപമുള്ള കുട്ടകത്ത് വെച്ചാണെന്നുമുള്ള തരത്തില്‍ പ്രചരണങ്ങളുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും വ്യക്തത വരുന്നതിന് മുമ്പുതന്നെ പ്രാദേശിക നേതാക്കള്‍ക്കും മേപ്പയ്യൂര്‍ പൊലീസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ യു.ഡി.എഫും ബി.ജെ.പിയും പ്രതിരോധത്തിലായിട്ടുണ്ട്.