വസ്തു നികുതിയുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കാന്‍ മറന്നോ? വിഷമിക്കേണ്ട, തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് പിഴ ഒഴിവാക്കാനുള്ള തിയ്യതി നീട്ടി


കൊയിലാണ്ടി: വസ്തു നികുതിയുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനുള്ള തിയ്യതി നീട്ടി. വസ്തു നികുതി ചട്ടങ്ങളിലെ 17, 24 എന്നീ ചട്ടങ്ങള്‍ പ്രകാരം പിഴ ഒഴിവാക്കുന്നതിനായി കെട്ടിട ഉടമകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിനുള്ള തിയ്യതിയാണ് നീട്ടിയത്.

മെയ് 15 വരെയായിരുന്നു നേരത്തേ നിശ്ചയിച്ച സമയ പരിധി. നികുതി ക്രമവത്കരിക്കുന്നതിന്റെ ഭാഗമായി 9 ബി ഫോം ലഭ്യമായത് മെയ് 10 ന് മാത്രമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫോമില്‍ ആവശ്യപ്പെട്ട വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് കാലാവധി നീട്ടിയത്.

പുതുക്കിയ തിയ്യതി പ്രകാരം പൊതുജനങ്ങള്‍ക്ക് 2023 ജൂണ്‍ 30 വരെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് പിഴ ഒഴിവാക്കാം. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തിയ്യതി നീട്ടി നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് തിയ്യതി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.