ബ്രഹ്മപുരം തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് വന്‍തിരിച്ചടി; 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടുത്തത്തിനു ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷനു 100 കോടി രൂപ പിഴയിട്ടു. പിഴ സംഖ്യ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം.
സംസ്ഥാന സര്‍ക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവില്‍ വിമര്‍ശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രിബ്യൂണല്‍ പറയുന്നു. തീപ്പിടിത്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണം. ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉത്തരവിനെ കോര്‍പ്പറേഷന് നിയമപരമായി ചോദ്യം ചെയ്യാന്‍ സാധിക്കും. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീല്‍ നല്‍കാം. ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു.
വേണ്ടിവന്നാല്‍ 500 കോടി രൂപ പിഴ ചുമത്തുമെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിന്റെ ആദ്യദിന വാദത്തിലാണ് സംസ്ഥാനസര്‍ക്കാരിനെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. മാലിന്യക്കൂമ്പാരത്തിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാനസര്‍ക്കാരിന്റെ പരാജയമാണെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.