പതിനഞ്ച് വര്‍ഷം അന്നം തന്ന മണ്ണില്‍ ഒടുവിൽ അന്ത്യവിശ്രമം; കാപ്പാട് കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി


കൊയിലാണ്ടി: കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അന്തരിച്ച കാപ്പാട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി. ജുമാഅത്ത് പള്ളിക്ക് സമീപം കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹമാണ് സൗദി തലസ്ഥാനമായ റിയാദില്‍ ഖബറടക്കിയത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നതിനാലാണ് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.

ശനിയാഴ്ച വൈകീട്ടാണ് അബൂബക്കര്‍ മരിച്ചത്. രാവിലെ പത്തരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. റിയാദിലെ കിങ് സഊദ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കവെ വൈകീട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്.

പതിനഞ്ച് വര്‍ഷം മുമ്പാണ് അബൂബക്കര്‍ സിദ്ദിഖ് പ്രവാസിയായി സൗദിയിലെത്തുന്നത്. അവിടെ രാജകുടുംബത്തിലെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇടക്കാലത്ത് സൗദിയിലെ ജോലി മതിയാക്കി അഞ്ച് വര്‍ഷം അദ്ദേഹം നാട്ടിലായിരുന്നു. പിന്നീട് മൂന്ന് കൊല്ലം മുമ്പാണ് വീണ്ടും സൗദിയിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അബൂബക്കര്‍ അവസാനമായി നാട്ടില്‍ വന്നത്.

പരേതരായ മൊയ്തീന്‍ കോയയുടെയും റുഖിയയുടെയും മകനാണ് അബൂബക്കര്‍ സിദ്ദിഖ്. സൗദാബിയാണ് ഭാര്യ. മുഹമ്മദ് സനീന്‍, ആസിയ സുല്‍ഫ, എല്‍സിന്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അബ്ദുള്‍ റഷീദ്, ആസിഫ് (സലാല), ഫാത്തിമത്ത് സുഹറ, പരേതനായ മുസ്തഫ.