‘യുവാവിന്റെ മരണത്തിന് ബോട്ട് സർവീസുമായി ബന്ധമില്ല, അധികാരികളുടെ നടപടി പ്രതിഷേധാർഹം; അകലാപുഴയിൽ ബോട്ടുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് സർവ്വ കക്ഷി സമിതി


കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിലെ പുറക്കാട് അകലാപുഴ കായലിൽ നിർത്തിവെച്ച ബോട്ടുകളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. ടൂറിസം മേഖലയിൽ കോഴിക്കോടിന്റെ കുട്ടനാട് എന്ന പേരിൽ ഏറെ ഖ്യാതി നേടിയ അകലാപുഴ കായലിൽ സർവീസ് നടത്തി കൊണ്ടിരുന്ന ബോട്ടുകളുടെ പ്രവർത്തനം നിർത്തി വെക്കുന്ന തരത്തിൽ നടപടികൾ കൈകൊണ്ട അധീകൃതരുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും ഏറെ ടൂറിസ്റ്റുകളെത്തുന്ന പ്രദേശത്ത് ബോട്ടുകളുടെ സർവീസ് വീണ്ടും തുടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും സർവകക്ഷി യോഗം പഞ്ചായത്ത്‌ -റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടു.

ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത നാടൻ തോണി അപകടത്തിന്റെ പേരിൽ ശിക്കാരാ ബോട്ട് സർവീസ് നിർത്തിയത് ഇതിനെ ഉപജീവനമായി കാണുന്ന നിരവധി പേരുടെ ജീവിതത്തെയാണ് ബാധിച്ചത്. ശിക്കാരാ ബോട്ട് സർവീസ് ഉടമകളെയും ഇതിനെ ആശ്രയിച്ചു കഴിയുന്ന നൂറു കണക്കിന് തൊഴിലാളികുടുംബങ്ങളെയും ദ്രോഹിക്കുന്ന നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

ദിനം പ്രതി നൂറുകണക്കിന് പേരാണ് കായൽ ഭം​ഗി ആസ്വദിക്കുന്നതിനായി കുടുംബ സമേതം അകലാപ്പുഴയിലെത്താറുള്ളത്. ഇവർക്ക് സുരക്ഷിതമായ ബോട്ട് യാത്രയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നതെന്നും പ്രവർത്തകർ പറയുന്നു.

മുചുകുന്നു അകലാപുഴ കടവിന് സമീപം ഉണ്ടായ തോണി അപകടത്തിൽപെട്ട അഫ്‌നാസിന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെ ടുത്തി. അപകടത്തിൽ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ശിക്കാര ബോട്ട് ജീവനക്കാരായ അബ്ദുള്ള കല്ലട, സഹീർ വരിക്കോളി, റഫ്‌നാസ് വി പി എന്നിവരെ യോ​ഗത്തിൽ ആദരിച്ചു.

പുറക്കാട് അച്ഛൻവീട്ടു നടക്കൽ ചേർന്ന സർവകക്ഷി യോഗത്തിൽ സി മൊയ്‌ദീൻ ഹാജിയുടെ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക്‌ മെമ്പർ രാജീവൻ കൊടലൂർ, തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ യൂ കെ സൗജത്ത്, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഹനീഫ മാസ്റ്റർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സന്തോഷ്‌ കെട്ടുമ്മൽ, ഫൈസൽ.ഓ.കെ, അച്യുതൻ.പി.എം, ബാബുരാജ് പുറക്കാട്, ഗോപി.വി.പി, നാസർ.കെ.കെ തുടങ്ങിയവർ സംസാരിച്ചു.

 

Summary: Boats should resume operation in Akalapuzha