‘1973 ൽ കൊയിലാണ്ടിയിലെ പാർട്ടി ഓഫീസിലേക്ക് കോടിയേരിയുടെ ഒരു കത്ത് എത്തി, ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾക്കാരണം പ്രതിസന്ധിയിലായ ഒരു കുടുംബത്തെ ഒരുമിപ്പിക്കാൻ ഇടപെടണം’; കോടിയേരിയുമായുള്ള ഊഷ്മള ബന്ധം ഓർത്തെടുത്ത് മുൻ എം.എൽ.എ കെ.ദാസൻ


കൊയിലാണ്ടി: ജാതി-മത- വർ​ഗ സാമ്പത്തിക വ്യത്യാസമില്ലാതെ ഏല്ലാവരോടും ഒരുപോലെ ഇടപഴകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു കോടിയേരി. വലുപ്പ-ചെറുപ്പം നോക്കാതെ ആർക്കും അദ്ദേഹത്തെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. അതോടൊപ്പം കൊയിലാണ്ടിയുമായും അദ്ദേഹം നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്നെന്ന് മുൻ എം.എൽ.എ കെ ദാസൻ.

ഞാൻ സി.പി.എമ്മിന്റെ കൊയിലാണ്ടിയിലെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹവുമായി സൗഹൃദ ബന്ധമുണ്ടാകുന്നത്. അതോടൊപ്പം എം.എൽ.എ എന്ന നിലയിലും അദ്ദേഹത്തോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. കൊയിലാണ്ടിയിലെ പോലീസ് മർദ്ധനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചാത്തലത്തിൽ രക്തം പുരണ്ട ഷർട്ടും മുണ്ടും ഉയർത്തിപ്പിടിച്ച് കേരള നിയമ സഭയിൽ കോടിയേരി അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വി.എസ് അച്ചുതാനന്ദൻ സമ​ഗ്രമായ അന്വേഷണമാവശ്യപ്പെട്ട് പത്രസമ്മേളനവും വിളിച്ചിരുന്നു. കൂടെയുള്ള പ്രവർത്തകന് ഒരു പ്രശ്നം നേരിടേണ്ടി വന്നപ്പോൾ ധീരമായി അതിനെ ചെറുക്കാൻ കോടിയേരി ശ്രമിച്ചതാണ് ഇതിലൂടെ കാണാൻ കഴിഞ്ഞത്- കെ ദാസൻ പറയുന്നു.

പരാതിക്കാരന്റെ പ്രശ്നങ്ങൾ മുഴുവൻ ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നയാളാണ് സഖാവ്. അതിനിടയിൽ ചോദ്യങ്ങൾക്കൊണ്ട് ബുദ്ധിമുട്ടിക്കില്ല. അതിനാൽ എല്ലാ പ്രശ്നങ്ങളിലും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. ഇതിന്റെ മികച്ച ഉദാഹരണമാണ് 1973-ൽ കൊയിലാണ്ടി ഓഫീസിലെത്തിയ കോടിയേരിയുടെ കത്ത്. ദാമ്പത്യത്തിലെ സ്വരച്ചേർച്ച കുറവിനെ തുടർന്ന് പ്രതിസന്ധിയിലായ ദമ്പതികളെ ഒരുമിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കൊയിലാണ്ടിയുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ കൊയിലാണ്ടിയിലെത്തിയിരുന്നു.

നല്ലൊരു സുഹൃത്ത്, വഴികാട്ടി, തുടങ്ങിയ നിരവധി വിശേഷങ്ങൾക്കുടമായാണ് അദ്ദേഹം. കോടിയേരിയുടെ വിയോ​ഗം പാർട്ടിക്കൊപ്പം എനിക്കും വലിയ ദു:ഖമാണ് നൽകിയത്. പാർട്ടിയുടെ ഉന്നതാധികാര സമിതിയിലെ അം​ഗമെന്ന നിലയ്ക്കും കേരളത്തിൽ ഭരണത്തുടർച്ച സാധ്യമാക്കുക എന്ന ചരിത്രപരമായ സംഭവങ്ങൾക്കും പിന്നിൽ സുപ്രധാനമായ പങ്കാണ് അദ്ദേഹം നയിച്ചതെന്നും കെ.ദാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: Former Koyilandy MLA K. Dasan recalled his warm relationship with Kodiyeri balakrishnan