മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിനെ കാണാനാവരെത്തി, തലശ്ശേരി ടൗണ്‍ ഹാള്‍ സാക്ഷിയായത് വികാരനിര്‍ഭര നിമിഷങ്ങള്‍ക്ക്; ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശത്തിന് വെക്കും, സംസ്‌കാരം നാളെ പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍


കണ്ണൂര്‍: സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.

മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ടൗണ്‍ ഹാളിന് മുന്നില്‍ പൊലീസ് കോടിയേരിക്ക് ആദരം അര്‍പ്പിച്ചു. ഇന്ന് രാത്രി 12 മണിവരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ന് രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെ തലശ്ശേരിയിലേക്ക് വിലാപയാത്ര ആരംഭിച്ചു. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. റോഡിന് ഇരുവശവും വന്‍ ജനാവലിയായിരുന്നു.

മാടപ്പീടികയിലെ വീട്ടിലും സി.പി.എം ഓഫീസിലും നാളെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താലാണ്. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

summary: emotional moments were witnessed when the body of CPM leader kodiyeri was brought to Thalassery for public viewing