മലപ്പുറം താനൂരിൽ വിനോദയാത്രാ ബോട്ട് മുങ്ങി ഏഴ് മരണം; നിരവധിപേരെ കാണാതായി


മലപ്പുറം: താനൂരിൽ വിനോദ യാത്ര ബോട്ട് മുങ്ങി ഏഴ് പേർ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ നിരവധി പേരെ കാണാതായി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്താണ് അപകടം സംഭവിച്ചത്. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.

35 ഓളം യാത്രികരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിൽപെട്ടവരിൽ എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.

അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സംശയം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും

രക്ഷപ്പെടുത്തിയവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.